പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത് ഒരു അത്ഭുതമാണെന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. വിസ്മയ ശലഭങ്ങള്‍ എന്ന തലക്കെട്ടോടെ എഴുതിയ തന്റെ പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ ആരാധകരുള്ള, തിരക്കുള്ള നടനാണ് പൃഥ്വിരാജെന്നും സംവിധാനം പൃഥ്വിയുടെ പാഷനാണെന്നും മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു. ഏട്ടന്‍, എല്‍ എന്നീ ഹാഷ്ടാഗുകളോടെ പൃഥ്വി ഇത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
പുതിയ ചിത്രമായ ലൂസിഫറിനെ കുറിച്ചാണ് മോഹന്‍ലാലിന്റെ ബ്ലോഗ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ഇന്ദ്രജിത്തും ഇതിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ ഫാസിലും ലൂസിഫറില്‍ അഭിനയിക്കുന്നുണ്ട്. ഇതിനെ ഒരു അപൂര്‍വ്വ സംഗമം എന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിരിക്കുന്നത്.
പുതിയ സിനിമയായ ലൂസിഫറില്‍ പൃഥ്വിരാജ് സുകുരമാരന്റെ ക്യാമറയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്നില്‍ അനുസരണയോടെ നിന്നപ്പോള്‍ എന്റെ മനസില്‍തോന്നിയ കാര്യങ്ങളാണിവ. കാലം എത്ര വേഗത്തിലാണ് പാഞ്ഞു പോകുന്നത് ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ ആദ്യത്തെ ഷോട്ടില്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ പാച്ചിക്കാ എന്ന് വിളിക്കുന്ന പ്രിയപ്പെട്ട സംവിധായകന്‍ ഫാസിലാണ്. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ സിനിമയിലേക്ക് കൈ പിടിച്ച് നടത്തിയ ആള്‍. 34 വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്കൊപ്പം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍ പാച്ചിക്ക അഭിനയിച്ചിരുന്നു. അതിന് ശേഷം ഇപ്പോള്‍ ഒരു കഥാപാത്രമായി മുഖാമുഖം! ഈ സിനിമ എഴുതിയത് എന്റെ പ്രിയപ്പെട്ട ഭരത് ഗോപിച്ചേട്ടന്റെ മകന്‍ മുരളി ഗോപി. മറ്റൊരു നടന്‍ പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വ്വമായ ഒരു സംഗമം. ഇത് പൂര്‍വ്വ കല്പിതമാണ് എന്ന് വിശ്വസിച്ച് വിസ്മയിക്കാനാണ് എനിക്കിഷ്ം, മോഹന്‍ലാല്‍ കുറിച്ചു.
എന്നാല്‍ അതിനെക്കാള്‍ തന്നെ അത്ഭുതപ്പെടുത്തുന്നത് പൃഥ്വിയെ പോലെ ഏറെ തിരക്കുള്ള നടന്‍ അതെല്ലാം മാറ്റിവച്ച് സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങിയതിലാണെന്നും മോഹന്‍ലാല്‍ പറയുന്നു. ലോകത്ത് അപൂര്‍വ്വമായിരിക്കാം ഇത്. ഈ സംവിധായകനില്‍ ഒരു നടന്‍ കൂടിയുണ്ട്. എന്നാല്‍ തന്നിലെ നടനില്‍ ഒരു സംവിധായകനില്ല. തന്റെ നടനായ സംവിധായകന് എന്താണ് ആവശ്യമെന്ന് തന്നിലെ നടനും, തന്നിലെ നടനില്‍ നിന്നും എന്താണ് എടുക്കേണ്ടത് എന്ന് നടനായ സംവിധായകനും അറിയണമെന്നും ആ രസതന്ത്രത്തിലേക്ക് എത്തിയാല്‍ തങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ചിത്രമായി ലൂസിഫര്‍ മാറിയേക്കാമെന്നും മോഹന്‍ലാല്‍ പറയുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാന രംഗത്തേക്കു കടക്കുന്ന പൃഥ്വിരാജ്, ചിത്രം തീരുംവരെ അഭിനയിത്തില്‍ നിന്നും ചെറിയ ഇടവേള എടുക്കുമെന്നാണ് അറിയുന്നത്. ഈ വര്‍ഷം അവസാനത്തോടെ ലൂസിഫറിന്റെ ചിത്രീകരണം തീര്‍ക്കാനാണ് പദ്ധതി.
Leave a Comment