എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെ ഹൈടെക് ആയി അങ്കണവാടികള്‍

കൊച്ചി: കുട്ടികളെ മികച്ച സൗകര്യമുള്ള ഇടങ്ങളില്‍ വിടാനാണ് രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യം. പലരും ഡേ കെയര്‍, നഴ്‌സറി എന്നിവിടങ്ങളില്‍ ആണ് ഇതിനായി തെരഞ്ഞെടുക്കുന്നു. കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ നാട്ടിലെ അങ്കണവാടികളെ പലരും ഒഴിവാക്കുന്നതും കാണാം. എന്നാല്‍ ഇനി കാര്യങ്ങള്‍ മാറി. കേരളത്തിലെ അങ്കണവാടികള്‍ ഹൈടെക്ക് യുഗത്തിലേക്കു മാറുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പും ലഭ്യമാക്കിയാണ് അങ്കണവാടികളെ നവീകരിക്കുന്നത്. ജില്ലയിലെ 47 അങ്കണവാടികള്‍ എയര്‍കണ്ടീഷന്‍ഡ് ആക്കിക്കഴിഞ്ഞു. ഇതില്‍തന്നെ ചിലതില്‍ സ്മാര്‍ട് ക്ലാസ് റൂമും സ്ഥാപിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി അങ്കണവാടികളെ സ്വകാര്യ പ്ലേ സ്‌കൂളുകളോടു സമാനമാക്കുകയാണു ലക്ഷ്യം. എയര്‍കണ്ടീഷന്‍ അങ്കണവാടികളില്‍ 42 എണ്ണം പൊതുഫണ്ട് ഉപയോഗിച്ചു നവീകരിച്ചതാണ്. അഞ്ചെണ്ണം സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ മെച്ചപ്പെടുത്തി. വരുമാനം കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളാണ് എയര്‍കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നത്.

കൂടുതല്‍ സ്ഥലമുള്ള അങ്കണവാടികളില്‍ പാഠ്യേതര പരിപാടികള്‍ക്കുള്ള ക്രമീകരണങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. കലക്ടറേറ്റിനു സമീപം ഈച്ചമുക്കില്‍ കളിസ്ഥലവും ഗാലറിയും ലൈബ്രറിയുമൊക്കെയുള്ള അങ്കണവാടി മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. താഴ്ന്ന വരുമാനക്കാരുടെ കുട്ടികളാണു കൂടുതലായും അങ്കണവാടികളിലെത്തുന്നതെന്നതിനാലാണു പൊതുഫണ്ട് വിനിയോഗിച്ച് ഇവിടം നവീകരിക്കുന്നത്. കൂടുതല്‍ കുട്ടികളെ അങ്കണവാടികളിലേക്ക് ആകര്‍ഷിക്കുകയാണു ലക്ഷ്യം. ജില്ലയില്‍ മൂന്നു മുതല്‍ ആറു വയസ്സു വരെ പ്രായമുള്ള 94,110 കുട്ടികളുണ്ടെന്നാണു കണക്ക്. ഇതില്‍ 34,627 കുട്ടികള്‍ അങ്കണവാടികളിലെത്തുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും മൂന്ന്–നാല് വയസ്സ് പ്രായക്കാരാണ്.

അങ്കണവാടികളില്‍ പലതും ഹൈടെക് യുഗത്തിലേക്കു ചുവടു മാറുമ്പോള്‍ സ്വന്തം കെട്ടിടം ഇല്ലാത്ത 820 അങ്കണവാടികള്‍ പരിമിതികളില്‍ നട്ടം തിരിയുന്നുണ്ട്. ഈ അങ്കണവാടികളെയാണു ഘട്ടം ഘട്ടമായി നവീകരിക്കാന്‍ ലക്ഷ്യമിടുന്നത്. 2,858 അങ്കണവാടികളാണു ജില്ലയില്‍ ആകെയുള്ളത്. 1,902 അങ്കണവാടികള്‍ക്കു സ്വന്തം കെട്ടിടമുണ്ട്. 136 അങ്കണവാടികള്‍ക്കു സ്വന്തം കെട്ടിടമില്ലെങ്കിലും വാടക നല്‍കാതെ കഴിഞ്ഞുകൂടാനുള്ള സൗകര്യം ലഭിച്ചിട്ടുണ്ട്. 820 അങ്കണവാടികളാണു വാടക നല്‍കി സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ചിലതിന്റെ അവസ്ഥയാണു പരിതാപകരം. സ്ഥല പരിമിതിയാണു പ്രധാന പ്രശ്‌നം.

pathram:
Leave a Comment