തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് വിരാട് കോഹ്ലി. ആരാധകരെ നിലനിര്‍ത്താന്‍ താരം അങ്ങേയറ്റം ശ്രദ്ധ കൊടുക്കാറുമുണ്ട്. അതതുതന്നെയാണ് താരത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും. ആരാധകരോടുള്ള താരത്തിന്റെ സമീപനം ഏത് രീതിയിലാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ തരംഗമാകുന്നത്.
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിനായി ലീഡ്സില്‍ നിന്നും ഹെഡിംഗ്ലി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനെ കാണാന്‍ ആരാധകര്‍ പുറത്തു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരു ആരാധിക ഇറങ്ങിവരുന്ന താരങ്ങളെയെല്ലാം ഓട്ടോഗ്രാഫിനായി സമീപിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷിപ്പിക്കുന്ന ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇവരെ കണ്ടതായി ഭാവിച്ചില്ല. എല്ലാവരും തിരക്കിട്ട് ബസില്‍ കയറാന്‍ പോകുകയായിരുന്നു. അപ്പോഴാണ് കോഹ്ലി എത്തുന്നത്.
ചെവിയില്‍ ഇയര്‍ഫോണും വച്ച് അശ്രദ്ധനായാണ് താരം പുറത്തേക്കിറങ്ങിയത്. വിരാട് കോഹ്ലി എന്ന് ആരാധകര്‍ വിളിച്ചു കൂവുന്നുമുണ്ട്. പുറത്തേക്ക് വന്ന താരം നേരെ ആരാധികയുടെ അടുത്ത് ചെന്ന് നീട്ടിവച്ച ഡയറിയില്‍ ഓട്ടോഗ്രാഫ് നല്‍കി മടങ്ങി. ഒരു ഉറപ്പും ഇല്ലാതെയാണ് അവര്‍ ഇന്ത്യന്‍ നായകന് നേരെയും ഓട്ടോഗ്രാഫിനായി ഡയറി നീട്ടിയത്. താരത്തിന്റെ സമീപനം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബിസിസിഐയാണ് ഇതിന്റെ വീഡിയോ അവരുടെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്. വീഡിയോ സോഷ്യയല്‍ മീഡിയിയല്‍ വൈറലായിക്കഴിഞ്ഞു.
2018 ഐപിഎല്‍ വേളയില്‍ ഹോട്ടലിന് മുന്നില്‍ തന്നെ കാത്തിരുന്ന നാലു കുട്ടികളോട് കോഹ്ലി സംസാരിക്കുന്നതിന്റെയും ഓട്ടോഗ്രാഫ് നല്‍കുന്നതിന്റെയും വിഡിയോ നേരത്തെ പുറത്തു വന്നിരുന്നു. കോഹ്ലി തന്നെയാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കു വച്ചത്. ആത്മവിശ്വാസമുള്ള കുട്ടികളെ കാണുന്നത് സന്തോഷം നല്‍കുന്നുവെന്നായിരുന്നു അന്ന് പോസ്റ്റിന് അടിക്കുറിപ്പായി താരം കുറിച്ചത്.
Leave a Comment