കൊച്ചി: ബോളിവുഡ് താരം അമിതാഭ് ബച്ചനും നടി മഞ്ജു വാര്യരും അഭിനയിച്ച കല്യാണ്‍ ജ്വല്ലറിയുടെ പരസ്യചിത്രം വിവാദക്കുരുക്കില്‍. പരസ്യം രാജ്യത്തെ ബാങ്കിങ് മേഖലയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ആരോപിച്ച് ഓള്‍ കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ (എകെബിഇഎഫ്) രംഗത്തെത്തി. ഇത് ചൂണ്ടികാട്ടി ഇവര്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് (എഎസ്സിഐ) കത്തയച്ചു.
ബാങ്കിംഗ് ആവശ്യങ്ങള്‍ക്കായി എത്തുന്ന ഉപഭോക്താവിനോട് മര്യാദയില്ലാതെ അതിക്രൂരമായി ബാങ്ക് ജീവനക്കാര്‍ പെരുമാറുന്ന തരത്തിലാണ് പരസ്യം ചിത്രീകരിച്ചിട്ടുള്ളത്. പരസ്യത്തിലെ ഉള്ളടക്കം ആളുകളെ തെറ്റിധരിപ്പിക്കുന്നതും ബാങ്ക് ജീവനക്കാരുടെ പ്രതിച്ഛായക്ക് അപമാനമുണ്ടാക്കുന്നതുമാണെന്ന് എകെബിഇഎഫ് കുറ്റപ്പെടുത്തി. മലയാളത്തില്‍ അമിതാഭും മഞ്ജുവും ഒന്നിച്ചെത്തിയ പരസ്യത്തില്‍ ഹിന്ദിയില്‍ മകള്‍ക്കൊപ്പമാണ് ബച്ചന്‍ അഭിനയിച്ചത്.
നോട്ട് നിരോധന സമയത്ത് ബാങ്ക് ജീവനക്കാര്‍ എങ്ങനെയാണ് ജോലി ചെയ്തിരുന്നത് എന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്. രാജ്യത്തെ പ്രധാനമന്ത്രിപോലും ഇതില്‍ ബാങ്ക് ജീവനക്കാരെ അംഗീകരിച്ചിരുന്നെന്ന് എകെബിഇഎഫ് പ്രതിനിഥികള്‍ പറഞ്ഞു.
എന്നാല്‍ പരസ്യത്തിലൂടെ ബാങ്ക് ജീവനക്കാരെ അപമാനിക്കാന്‍ തങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ലെന്നും ഒരു ഫിക്ഷന്‍ ആയി മാത്രമാണ് ഇത് തയ്യാറാക്കിയിട്ടുള്ളതെന്നും കല്ല്യാണ്‍ ജ്വല്ലേഴ്സ് പ്രതികരിച്ചു. വര്‍ഷങ്ങളായി ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബമാണ് തങ്ങളുടേതെന്നും ഇതിനിടയില്‍ നിരവധി ബാങ്കുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂടീവ് ഡയറക്ടര്‍(മാര്‍ക്കറ്റിംഗ്) ടി കെ രമേഷ് പറഞ്ഞു.
ബാങ്കിംഗ് രംഗത്തുള്ള ധാരാളം ആളുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് തങ്ങളെന്നും കോടിക്കണക്കിന് ഇന്ത്യന്‍ ജനതയ്ക്കൊപ്പം ബാങ്ക് ജീവനക്കാരുടെ സേവനത്തെ സല്യൂട്ട് ചെയ്യുന്നെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് രംഗത്തെ ആരെയും മോശമായി ചിത്രീകരിക്കാന്‍ പരസ്യം കൊണ്ട് ഉദ്ദേശിച്ചിട്ടില്ലെന്നും മൂന്ന് ദിവസത്തിനകം ഇത് വ്യക്തമാക്കികൊണ്ടുള്ള അറിയിപ്പ് പരസ്യത്തോടൊപ്പം ചേര്‍ക്കുമെന്നും രമേഷ കൂട്ടിച്ചേര്‍ത്തു.
Leave a Comment