ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികപീഡനാരോപണം:കര്‍ദിനാള്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്ക്രോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പൊലിസ് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു. കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് മൊഴി എടുക്കുന്നത്.

പീഡനം സംബന്ധിച്ച് താന്‍ കര്‍ദിനാളിന് പരാതി നല്‍കിയെന്ന് കന്യാസ്ത്രീ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതി നല്‍കിയിട്ടില്ലെന്നും ജലന്ധറിലെ മഠവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് കന്യാസ്ത്രീ പറഞ്ഞതെന്നുമായിരുന്നു ആലഞ്ചേരിയുടെ നിലപാട്. മാനഭംഗപ്പെടുത്തിയതായി പറയുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബിഷപ്പില്‍ നിന്ന് നേരിടേണ്ടി വരുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ 2017 ജൂലൈയില്‍ അയച്ച കത്തില്‍ കന്യാസ്ത്രീ ചൂണ്ടിക്കാട്ടുന്നു. താന്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളോട് ബിഷപ്പ് മോശമായി പെരുമാറുന്നെന്ന് അവര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ടും അല്ലാതെയും മോശം വാക്കുകള്‍ പറയുന്നുണ്ട്. ഇതിന് പുറമെ അശ്ലീലച്ചുവയുള്ള മൊബൈല്‍ സന്ദേശങ്ങളും അയക്കാറുണ്ട്. അയാളുടെ താല്‍പര്യത്തിന് വഴങ്ങാത്ത കന്യാസ്ത്രീകളോട് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും കത്തില്‍ ആരോപിക്കുന്നു. ഇത്തരത്തിലൊരു പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന നിലപാട് തുടര്‍ന്നപ്പോള്‍ കന്യാസ്ത്രീയുടെ കുടുംബം പരാതിക്കത്തിന്റെ പകര്‍പ്പ് കഴിഞ്ഞയാഴ്ച പൊലിസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ദിനാളിന്റെ മൊഴിയെടുക്കാന്‍ പൊലിസ് തീരുമാനിച്ചത്.

pathram desk 2:
Related Post
Leave a Comment