ദിലീപിനെ ചിലര്‍ ചേര്‍ന്ന് കുടുക്കിയത്; നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കില്ലെന്ന് നൂറു ശതമാനം വിശ്വസിക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചിലര്‍ കുടുക്കിയതാണെന്ന് പ്രമുഖ നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കില്ലെന്ന് താന്‍ നൂറു ശതമാനം വിശ്വസിക്കുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍.

ദിലീപിനെ കൊണ്ട് അങ്ങിനെയൊരു കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ദിലീപിനെ കുടുക്കിയതിന്റെ പിന്നില്‍ എന്തെങ്കിലും ലക്ഷ്യം കാണും, അല്ലെങ്കില്‍ ആരെങ്കിലും കാണും. അത് ഞാന്‍ പറയാന്‍ പാടില്ല. സിനിമാ രംഗത്തുള്ള ആളുകളാകാം ചിലപ്പോള്‍, അല്ലെങ്കില്‍ പുറത്തുനിന്നുള്ളവരും ചേര്‍ന്നാകാം, സുരേഷ് കുമാര്‍ പറഞ്ഞു.

എന്റെ ചിത്രത്തില്‍ കൂടിയാണ് ദിലീപ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തുന്നത്. അന്നുമുതല്‍ എനിക്കറിയാവുന്ന പയ്യനാണ്. അയാള്‍ ഒരിക്കലും ഇങ്ങനെ മോശപ്പെട്ടൊരു കാര്യത്തിനു പോകുമെന്ന് വിശ്വസിക്കുന്നില്ല. പുള്ളിതന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെ ഒരാള്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യില്ല. ഇതെന്റെ അഭിപ്രായമാണ്, സുരേഷ് കുമാര്‍ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയില്‍ നിന്നു ദിലീപിനെ പുറത്താക്കിയിരുന്നു. പിന്നീട് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുനടിമാര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് രാജി വച്ചത്.

pathram desk 1:
Related Post
Leave a Comment