എങ്ങും വെള്ളപ്പൊക്കം..! നിങ്ങളുടെ വാഹനം വെള്ളത്തില്‍ മുങ്ങി കേടായാല്‍ എന്തുചെയ്യും..?

ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ എങ്ങും വെള്ളക്കെട്ട് അനുഭപ്പെടുകയാണ്. മഴ കനത്തത്തോടെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവനും വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളിലാണ് വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ചത്. വാഹനത്തില്‍ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ? എന്നകാര്യം പല വാഹന ഉടമകള്‍ക്കും അറിയില്ല. ഇതിനെ കുറിച്ച് ഒന്ന് പരിശോധിക്കാം.

പ്രകൃതി ദുരന്തങ്ങളില്‍ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴില്‍ വരുന്നുണ്ടെങ്കിലും വെള്ളപ്പൊക്കം മൂലമുണ്ടാകുന്നവയ്ക്ക് ചില പ്രത്യേക ക്ലോസുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വെയ്ക്കുന്നുണ്ട്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ അല്ലെങ്കില്‍ പാര്‍ക്ക്‌ െചയ്തിരിക്കുമ്പോള്‍ മരം വീണും മണ്ണിടിച്ചില്‍ മൂലവുമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്.

വാഹനത്തിന്റെ എന്‍ജിനില്‍ വെള്ളം കയറിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടാന്‍ പ്രയാസമാണ്. എന്‍ജിനില്‍ വെള്ളം കയറുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ പറയുന്നത്. വാഹനം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിക്കിടന്നാലും എന്‍ജിനില്‍ വെള്ളം കയറാനുള്ള സാഹചര്യം ഉണ്ടാകാനിടയില്ല. എന്നാല്‍ വാഹനം സ്റ്റാര്‍ട്ട് ആക്കിയാല്‍ എന്‍ജിനില്‍ വെള്ളം കയറുകയും ചെയ്യും. അതുകൊണ്ട് അത്തരം സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിക്കാതെ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം തുടര്‍നടപടികള്‍ നടത്തുന്നതായിരിക്കും നല്ലത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്തായിപ്പോയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാതിരിക്കുക. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ വെള്ളക്കെട്ടില്‍നിന്നു നീക്കം ചെയ്യുക. അപാര്‍ട്‌മെന്റിന്റെ ബേസ്‌മെന്റിലായാല്‍പ്പോലും വാഹനം വെള്ളക്കെട്ടിലാണെങ്കില്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. ബാറ്ററി ടെര്‍മിനലുകള്‍ എത്രയും പെട്ടെന്ന് മാറ്റി വര്‍ക്‌ഷോപ്പിന്റെ സഹായം തേടുക.
•വാഹനം ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വിഭാഗത്തില്‍പ്പെട്ടതാണെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തില്‍വച്ചുവേണം വലിക്കാന്‍. ഇത് സാധ്യമല്ലെങ്കില്‍ മുന്‍ വീലുകള്‍ അല്ലെങ്കില്‍ െ്രെഡവിങ് വീലുകള്‍ ഗ്രൗണ്ടില്‍നിന്നുയര്‍ത്തി വേണം വലിക്കാന്‍ അല്ലെങ്കില്‍ എടി ഗിയര്‍ ബോക്‌സ് തകരാറിലാകും.
• മറ്റു വാഹനങ്ങള്‍ വെള്ളക്കെട്ട് കടക്കുന്നതു കണ്ട് നിങ്ങളും അതിനു ശ്രമിക്കരുത്. ഓരോ വാഹനത്തിലെയും ഫില്‍റ്റര്‍/സ്‌നോര്‍ക്കല്‍ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നാല്‍ എന്‍ജിന്‍ ഓഫാകും. വെള്ളക്കെട്ട് ഭാഗത്ത് വാഹനം ഓഫായാല്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഗാരേജിന്റെ സഹായം തേടുക, ഇന്‍ഷുറന്‍സ് കമ്പനിക്കാരെയും വിവരം അറിയിക്കുക.
• വെള്ളം കയറിയ കാറിന്റെ എന്‍ജിന്‍ ഓയില്‍ മാറ്റണം. രണ്ടു മുന്നു പ്രാവശ്യം എന്‍ജിന്‍ ഓയില്‍ മാറ്റി എന്‍ജിന്‍ വൃത്തിയാക്കണം. എയര്‍ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. കൂടാതെ എന്‍ജിനിലേയ്ക്ക് വെള്ളം കയറാന്‍ സാധ്യതയുള്ള എല്ലാം എയര്‍ ഇന്‍ടേക്കുകളും നന്നായി വൃത്തിയാക്കണം.
• എഞ്ചിന്‍ ഓയില്‍ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുന്‍ വീലുകള്‍ ഉയര്‍ത്തി ടയര്‍ കൈകൊണ്ട് കറക്കിക്കൊടുക്കുക. ഓയില്‍ എന്‍ജിന്റെ എല്ലാ ഭാഗത്തും എത്തുന്നതിനായാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഏകദേശം പതിനഞ്ചു മിനിട്ടുവരെ ഈ പ്രവര്‍ത്തി ആവര്‍ത്തിക്കുക, അതിന് ശേഷം ഓയില്‍ മുഴുവന്‍ മാറ്റി വീണ്ടും ഓയില്‍ നിറച്ച് ടയര്‍ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു പ്രാവശ്യമെങ്കിലും ഇത് ആവര്‍ത്തിക്കണം.
ഇനി നോക്കെണ്ടത് വാഹനത്തിന്റെ ഇലക്ട്രിക്ക് പാര്‍ട്ട്‌സുകളാണ്. ഫ്യൂസുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതായിരിക്കും അഭികാമ്യം. ഇത്രയും ചെയ്തതിന് ശേഷം മാത്രം എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുക. 12 മിനിട്ട് ഓണ്‍ ആക്കിതന്നെ ഇടുക. അതിന് ശേഷം മാത്രമേ വാഹനം ഓടിക്കാവൂ എന്ന കാര്യവും ശ്രദ്ധിക്കണം..

pathram:
Leave a Comment