മധ്യകേരളത്തില്‍ കനത്ത മഴ തുടരുന്നു; വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം ഏറുന്നു; കോട്ടയം വഴി ട്രെയിന്‍ ഗതാഗതം താറുമാറായി; സ്‌കൂളുകള്‍ക്ക് അവധി

കോട്ടയം: മധ്യകേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. മഴമൂലം പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്ന കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. വേഗം നിയന്ത്രിച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. കാറ്റും മഴയും ശക്തമായതിനാല്‍ ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലായിട്ടാണ് നിര്‍ത്തിയിട്ടിരുന്നത്. എറണാകുളത്ത് നിന്ന് കായംകുളത്തേക്കുള്ള പാസഞ്ചര്‍ കടത്തിവിട്ടു. മീനച്ചാറിലെ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് കോട്ടയം വഴിയുള്ള ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത്. അതിശക്തമായ മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ രണ്ടരമണിക്കൂര്‍ വരെ വൈകിയോടുന്നുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്. മഴയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പന്ത്രണ്ട് പേരാണ് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചത്. അതേസമയം, കോട്ടയത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേനയെത്തി. 40 അംഗസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. അതിശക്തമായ മഴയില്‍ വെള്ളം പൊങ്ങിയതോടെ തിരുവാര്‍പ്പ്, അയ്മനം, മണര്‍കാട്, പേരൂര്‍, കോട്ടയം വില്ലേജുകളില്‍ നൂറുകണക്കിന് വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.

വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കനത്ത മഴയ്ക്കു കാരണമായത്.

എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. പലയിടത്തും ഉരുള്‍പൊട്ടി. 244.84 ഹെക്ടറില്‍ സംസ്ഥാനത്ത് കൃഷിനാശമുണ്ടായതായാണ് വിവരം. മഴക്കെടുതിയെ തുടര്‍ന്ന് തുറന്ന 186 ദുരിതാശ്വാസ ക്യാമ്പുകളില്‍ 26,833 പേരാണ് കഴിയുന്നത്. വീടുകള്‍ തകര്‍ന്ന് 1.40 കോടിയുടെ നഷ്ടമുണ്ടായി. 14.75 കോടിയുടെ കൃഷിനാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാനത്തെ ജലനിരപ്പ് സര്‍വകലാശാല റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുകയാണ്. മീനച്ചാറിലെ ജലനിരപ്പ് അപകട രേഖയ്ക്ക് മുകളില്‍ എത്തി നില്‍ക്കുകയാണ്.

സ്‌കൂളുകള്‍ക്ക് അവധി

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

ആലപ്പുഴയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ നാളെ അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെല്ലാം അവധിയാണ്.

pathram:
Related Post
Leave a Comment