കോട്ടയം : കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ചൊവ്വ ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പകരം മറ്റൊരു ദിവസം പ്രവൃത്തി ദിവസമായിരിക്കും. ഈ തീയതി പിന്നീട് അറിയിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. മഹാത്മാഗാന്ധി സര്‍വകലാശാലയും നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എറണാകുളം ജില്ലയില്‍ 12 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 284 കുടുംബങ്ങളിലെ 1007 പേരാണ് ക്യാമ്പുകളിലുള്ളത്. ചെല്ലാനത്ത് കടലാക്രമണത്തെ തുടര്‍ന്ന് തീരത്ത് സ്ഥാപിച്ചിരുന്ന ജിയോ ബാഗുകള്‍ നശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ അഞ്ച് താലൂക്കുകളില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആലപ്പുഴയുടെ തീരമേഖലയിലും കടലാക്രമണമുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. വെള്ളം പമ്പ് ചെയ്ത് മാറ്റുന്നതിനുള്ള ഹെവി പമ്പുകള്‍ പ്രവര്‍ത്തന ക്ഷമമാണോയെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ആലപ്പുഴയില്‍ കൃഷി വകുപ്പും മൈനര്‍ ഇറിഗേഷന്‍ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തനം നടത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. തൃശൂരില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ഇവിടെ അഞ്ച് ക്യാമ്പുകളിലായി 146 പേര്‍ കഴിയുന്നു. 49 വീടുകള്‍ ഭാഗികമായും രണ്ടെണ്ണം പൂര്‍ണമായും തകര്‍ന്നു. കൊല്ലം ജില്ലയില്‍ 32 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണമായും നശിച്ചു. കൊറ്റങ്കരയിലും ഓച്ചിറയിലും രണ്ടു ക്യാമ്പുകളിലായി 79 പേരെ താമസിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് തോടുകള്‍ കരകവിഞ്ഞൊഴുകുന്നുണ്ട്. കടലാക്രമണത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ഇവിടെ കഴിഞ്ഞിരുന്നവരെ ബന്ധു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്.
Leave a Comment