അഭിമന്യു കൊലപാതകം; എസ്ഡിപിഐ നേതാക്കള്‍ കസ്റ്റഡിയില്‍; പ്രതികള്‍ സംസ്ഥാനത്തു തന്നെ;വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് സ്ത്രീകള്‍

കൊച്ചി: മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ നേതാക്കള്‍ കസ്റ്റഡിയില്‍. സംസ്ഥാന നേതാക്കളടക്കം ആറ് പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി പിടിയിലായി. കൂടാതെ, വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പിടിയിലായി.

കൊച്ചിയില്‍ പത്രസമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിമന്യു വധത്തില്‍ വിശദീകരണം നല്‍കുന്നതിനാണ് എസ്.ഡി.പി.ഐ നേതാക്കള്‍ പത്രസമ്മേളനം വിളിച്ചത്. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി എന്നിവരും ഇവര്‍ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം, അഭിമന്യു കൊലക്കേസിലെ പ്രതികള്‍ കേരളത്തിനകത്ത് തന്നെയുണ്ടെന്ന ഉറച്ചവിശ്വാസത്തിലാണ് അന്വേഷണസംഘം. പോപ്പുലര്‍ഫ്രണ്ട് -എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായാണ് പൊലീസിന്റെ നിഗമനം. കേസിന്റെ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണെന്ന് പൊലീസിന് വിവരം ലഭിച്ചു.

പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നും പോപ്പുലര്‍ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായുമാണ് പൊലീസിന്റെ നിഗമനം. അതിനാലാണ് സംസ്ഥാനത്തെ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകള്‍കയറി രാത്രിയടക്കം പൊലീസ് റെയ്ഡ് തുടരുന്നത്. പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് തുടങ്ങിയതിനെത്തുടര്‍ന്ന് പ്രതികളെ മറ്റേതെങ്കിലും രഹസ്യകേന്ദ്രത്തിലേക്ക് കടത്തിയോ എന്നും സംശയിക്കുന്നുണ്ട്. പ്രതികള്‍ തീവണ്ടിമാര്‍ഗം സംസ്ഥാനം കടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.

അതേസമയം, പ്രതികള്‍ക്ക് കേസുമായി ബന്ധപ്പെട്ട വിവരം ചോര്‍ത്തിക്കൊടുക്കുന്നതില്‍ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പങ്കിനെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. ഫോണിലൂടെ കുറ്റവാളിസംഘത്തിന് വിവരങ്ങള്‍ നല്‍കുന്നതായാണ് സംശയിക്കുന്നത്. കുറ്റവാളിസംഘം ഉപയോഗിക്കുന്ന സിം കാര്‍ഡും സ്ത്രീകളുടെ പേരിലായിരിക്കും. എസ്ഡിപിഐ ബന്ധമുള്ള പുരുഷന്‍മാരെ നിരീക്ഷിക്കുന്നതിനാലാണ് ഇത്തരത്തില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത്. മുന്‍കൂട്ടി പ്ലാന്‍ചെയ്ത കൊലപാതകമായതിനാല്‍ ഇത്തരം സിം കാര്‍ഡുകള്‍ അക്രമിസംഘം നേരത്തേ കൈവശംവെച്ചതായും സംശയിക്കുന്നുണ്ട്.

ഇതിനോടൊപ്പമാണ് പൊലീസ് സേനയിലുള്ളവര്‍ തിരച്ചില്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതായുള്ള വിവരം പുറത്തുവന്നത്. ഇവര്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. 15 പ്രതികളില്‍ 9് പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്.കേരളത്തിന് പുറത്തുനിന്ന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്തതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലുവ സ്വദേശി ആദില്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് ആദില്‍. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘം ആദ്യമായാണ് കൊലയാളി സംഘാംഗത്തെ പിടികൂടുന്നത്. നേരത്തെ മൂന്ന് പേരെ എസ്എഫ്‌ഐക്കാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

അഭിമന്യു കൊല്ലപ്പെട്ട് പതിനാല് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ സാധിച്ചില്ലെന്നും കേസന്വേഷണം ഇഴയുകയാണെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ ഖണ്ഡിക്കുന്ന രീതിയിലാണ് മുഖ്യപ്രതിയുടെ അറസ്റ്റ്. പ്രതികള്‍ വിദേശത്ത് കടന്നെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ കേരളത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികള്‍ക്കായി അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ ഇവര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടൊയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

അഭിമന്യു വധക്കേസില്‍ നേരിട്ട് പങ്കെടുത്ത ആറ് നെട്ടൂര്‍ സ്വദേശികളെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍, കൊലപാതകം നടത്തിയ പ്രതികളെ കോളെജിലേക്ക് വിളിച്ചു വരുത്തിയ മുഹമ്മദ് എന്നയാളെയും കണ്ടെത്താനുണ്ട്. എന്നാല്‍, ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്.

pathram:
Related Post
Leave a Comment