കൊച്ചി: അഭിമന്യു വധക്കേസിലെ 15 പ്രതികളില്‍ 12 പേര്‍ വിദേശത്തേയ്ക്ക് കടന്നതായി പോലീസ് സ്ഥിതീകരിച്ചു. ഇതോടെ അന്വേഷണ സംഘം സമ്മര്‍ദത്തിലായിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡന്റ് കെഎച്ച് നാസറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുളന്തുരുത്തിയില്‍ നിന്നാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മാണത്തിന്റേതടക്കമുള്ള രേഖകളും കണ്ടെത്തി.
എന്നാല്‍ ഇന്നലെ രാത്രി മൂവാറ്റുപുഴയില്‍ പോലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിനിടെ രക്തസമ്മര്‍ദം കൂടി നാസര്‍ അവശനിലയിലായി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കേസില്‍ യുഎപിഎ ചുമത്തേണ്ടതില്ലെന്നതായിരുന്നു മുന്‍ തീരുമാനം. പക്ഷേ ഇതില്‍ മാറ്റം വന്നേക്കും. പ്രതികളെ വിദേശത്തേയ്ക്ക് കടക്കാന്‍ സഹായിച്ചതായി വ്യക്തമായാല്‍ കുറ്റക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും. ദേശീയ അന്വേഷണ ഏജന്‍സിക്ക് കേസ് കൈമാറാനും സാധ്യതയുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നയാള്‍ തിരുവനന്തപുരത്ത് പിടിയിലായി. ആലുവ സ്വദേശി അനസി(27)നെയാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് വലിയ തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഹവാല സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനസ് ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ എ.ഡി.പി.എയുമായി ബന്ധപ്പെട്ട കേസുകളില്‍ അനസിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിനായി ഇയാളെ ഇന്ന് എറണാകുളം പൊലീസിന് കൈമാറും.
കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം പ്രതികളെ പിടിച്ച ശേഷം തീരുമാനിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. കേസില്‍ 11 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യപ്രതികളെ പൊലീസിന് ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രതികളെ എത്രയും വേഗം പിടിക്കാനാണ് പൊലീസിന്റെ ശ്രമം.
പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതോടെ ഇതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനായി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കരുതല്‍ തടങ്കലിലുള്ളവരെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യും. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ മാത്രമായിരിക്കും വിശദമായി ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലെത്തിക്കുക.
Leave a Comment