കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; സോഷ്യല്‍ മീഡിയ നിരീക്ഷിക്കാനുള്ള നീക്കത്തിനെതിരേ സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. ജനങ്ങളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള നീക്കം, രാജ്യത്തെ നിരീക്ഷണ വലയത്തിലാക്കുന്നതിനു തുല്യമാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ‘സോഷ്യല്‍ മീഡിയ ഹബ്’ രൂപീകരിക്കാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഹബിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്, ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചത്. വാട്‌സാപ് സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കത്തെപ്പറ്റി രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്നും ജസ്റ്റിസുമാരായ എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് മൂന്നിന് പരിഗണിക്കാന്‍ മാറ്റി.

pathram:
Leave a Comment