കുമ്പസാരം പീഡനം : ഒരു വൈദികന്‍ കൂടി അറസ്റ്റില്‍

കോട്ടയം : കുമ്പസാര രഹസ്യം മറയാക്കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത വൈദികനെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ഫാദര്‍ ജോണ്‍സണ്‍ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തി, ശരീരത്തില്‍ സ്പര്‍ശിച്ചു തുടങ്ങിയവയാണ് യുവതി മൊഴിയില്‍ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബലാല്‍സംഗ കുറ്റത്തില്‍ നിന്നും ഫാദര്‍ ജോണ്‍സനെ ഒഴിവാക്കിയത്. പ്രതികളായ മറ്റ് വൈദികരെ തേടിയുള്ള അന്വേഷണത്തിനിടെയാണ് ഫാദര്‍ ജോണ്‍ണ്‍ ഈ വീട്ടില്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. കേസില്‍ ഫാദര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല.

നേരത്തെ കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യു ഇന്നലെ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങിയിരുന്നു. കറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു, കൊല്ലത്ത് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്‍പാകെയാണ് കീഴടങ്ങിയത്. ഇയാളെ കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു.

കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ.ജോര്‍ജ് എന്നിവരെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ ഇവര്‍ കീഴടങ്ങാതെ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികര്‍ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.

pathram desk 2:
Related Post
Leave a Comment