കഴിഞ്ഞ ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു കത്ത് നല്‍കിയിരുന്നുവെന്ന് നടനും തമിഴ് നടികര്‍ സംഘം ട്രഷററുമായ കാര്‍ത്തി. ഒരു കാരണവശാലും വിഷമിക്കേണ്ടെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും കാര്‍ത്തി പറയുന്നു. ആക്രമിക്കപ്പെട്ട നടി അംഗമായ നടികര്‍ സംഘം എങ്ങനെയാണ് അവരെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിനാണ് കാര്‍ത്തിയുടെ മറുപടി.
‘ഒരു സംഘടന എന്ന നിലയില്‍ അതിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പു വരുത്തുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഏതു സാഹചര്യത്തിലും ഞങ്ങള്‍ അവള്‍ക്കൊപ്പം തന്നെയാണ്. അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അതേസമയം അവര്‍ക്കു ഞങ്ങളുടെ പിന്തുണ വേണമെങ്കില്‍ ഞങ്ങള്‍ കൂടെത്തന്നെ ഉണ്ടാകും.
സംഘടനയിലെ മാത്രമല്ല, നമ്മുടെ കുടുംബത്തിലേയും സമൂഹത്തിലേയും സ്ത്രീകളുടെ സുരക്ഷിതത്വം നമ്മുടെ ചുമതലയാണ്. തനിക്കൊപ്പമുള്ള സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷനാണ്. ചില സ്ത്രീകള്‍ക്ക് തങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ അറിയാം. എന്നാല്‍ മറ്റു ചിലര്‍ക്ക് അതിനു കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ളവര്‍ക്ക് നമ്മള്‍ സംരക്ഷണം നല്‍കണം. പ്രത്യേകിച്ചും സിനിമാ താരങ്ങള്‍ ‘സോഫ്റ്റ് ടാര്‍ഗറ്റു’കളാണ്. ശക്തയുള്ള സംഘടനകള്‍ക്കേ അവരെ പിന്തുണയ്ക്കാന്‍ സാധിക്കുകയുള്ളൂ’, കാര്‍ത്തി വ്യക്തമാക്കി.
തന്റെ പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തി തന്റെയും തമിഴ് സിനിമാ സംഘടനയുടേയും നിലപാട് വ്യക്തമാക്കിയത്. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നടനും കാര്‍ത്തിയുടെ സഹോദരനുമായ സൂര്യയാണ് നിര്‍മ്മിക്കുന്നത്. ആദ്യമായാണ് ഇരുവരും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്.
Leave a Comment