സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരും; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കലാവാസ്ഥ മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയില്‍ പ്രൊഫഷനല്‍ കോളെജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. പാലക്കാട് ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. എറണാകുളം ജില്ലയിലെ അംഗനവാടി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് അവധി. കോളെജുകള്‍ക്കും പ്രൊഫഷനല്‍ കോളെജുകള്‍ക്കും അവധിയില്ല.

ഇടുക്കി ജില്ലയില്‍ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയില്‍ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധിയെന്ന് കലക്ടര്‍ അമിത് മീണ അറിയിച്ചു. ചേര്‍ത്തല താലൂക്കിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അതേസമയം, കാലവര്‍ഷക്കെടുതിയില്‍ മലപ്പുറത്തും തിരുവനന്തപുരത്തുമായി മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഒരു കുട്ടിയുമുണ്ട്. മലപ്പുറത്ത് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ഒഴുക്കില്‍പ്പെട്ടാണ് ഷാമില്‍ (2) മരിച്ചത്. തോടിനടുത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. വളാഞ്ചേരി വെട്ടിച്ചിറ ദേശീയപാതയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ആലപ്പുഴ മാന്നാര്‍ സ്വദേശി മാങ്ങാട്ട് അനില്‍കുമാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. തിരുവനന്തപുരം പുതുക്കുറുച്ചിയില്‍ കടലില്‍ വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാളി സൈറസ് അടിമ മരിച്ചു. വയനാട്ടിലും ആഴപ്പുഴയിലും ദുരിതാശ്വാസക്യാംപുകള്‍ തുറന്നു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 18 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയിലെത്തി. കൊച്ചിയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരം ഉള്‍പ്പെടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ആലപ്പുഴയില്‍ കനത്ത മഴയില്‍ ചേര്‍ത്തല, കാര്‍ത്തികപ്പളളി താലൂക്കുകളിലായി എട്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു.

pathram desk 1:
Related Post
Leave a Comment