ന്യൂഡല്‍ഹി: നീറ്റ്, നെറ്റ് പരീക്ഷകള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടെണ്ണം നടത്തും. വിദ്യാര്‍ഥികള്‍ക്കു രണ്ടു പരീക്ഷകളും എഴുതാം. ഇതില്‍ ഉയര്‍ന്ന സ്‌കോര്‍ പരിഗണിക്കും. അതേസമയം, ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗ്യത പരീക്ഷാനടത്തിപ്പ് രീതിയിലും മാറ്റം വരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ ഈ വര്‍ഷം മുതല്‍ അഖിലേന്ത്യാ പരീക്ഷാ ഏജന്‍സി (എന്‍ടിഎ)യാകും നടത്തുക. നീറ്റ്, ജെഇഇ, നെറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷകള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തും. സിലബസ്, ഫീസ് എന്നിവയില്‍ മാറ്റമില്ല. തിരഞ്ഞെടുത്ത കംപ്യൂട്ടര്‍ സെന്ററുകളിലായിരിക്കും പരീക്ഷ.
കഴിഞ്ഞ വര്‍ഷമാണു പരീക്ഷാ നടത്തിപ്പിനായി അഖിലേന്ത്യാ ഏജന്‍സിക്കു രൂപം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണു പുതിയ ഏജന്‍സിക്കു കീഴില്‍ വരിക. യുജിസി നെറ്റ് (2018 ഡിസംബര്‍), ജെഇഇ മെയിന്‍ (2019 ജനുവരി, ഏപ്രില്‍), നീറ്റ് (2019 ഫെബ്രുവരി, മേയ്), സിമാറ്റ്, ജിപാറ്റ് (2019 ജനുവരി) പരീക്ഷകളാണ് എന്‍ടിഎ ഏറ്റെടുക്കുക. ഇതുവരെ ഇവ നടത്തി വന്നത് സിബിഎസ്ഇയും എഐസിടിഇയുമാണ്. കംപ്യൂട്ടറിലാണു പരീക്ഷയെങ്കിലും അത് ഓണ്‍ലൈന്‍ ആവില്ലെന്നു വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവഡേക്കര്‍ വിശദീകരിച്ചു.
ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം ജില്ലാ, ഉപജില്ലാ തലങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. കംപ്യൂട്ടര്‍ പരിശീലനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കു പരിശീലനം ലഭ്യമാക്കാനും സംവിധാനമേര്‍പ്പെടുത്തും.
Leave a Comment