‘പകല്‍ ചെഗുവേര രാത്രി ബിന്‍ ലാദന്‍’ സി.പി.ഐ.എമ്മിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. പകല്‍ ചെഗുവേരയും രാത്രി ബിന്‍ ലാദനുമായാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ പരിഹാസം. സിപിഎമ്മിലും എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും കോണ്‍ഗ്രസിലും പോലീസിലും മറ്റും വ്യാപകമായി എസ് ഡി പി ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന വിവരമടങ്ങിയ പത്ര കട്ടിങ് പങ്കുവെച്ചാണ് സിപിഎമ്മിനെ കെ സുരേന്ദ്രന്‍ പരിഹസിച്ചത്.

ഭീകരവാദം മാനവരാശിയുടെ പൊതു ശത്രുവാണ്. എല്ലാവരും ചേര്‍ന്നു നിന്നു മാത്രമേ അതിനെ നേരിടാനാവൂ. താല്‍ക്കാലിക ലാഭത്തിനുവേണ്ടി അവരുമായി കൂട്ടുകൂടിയതിന്റെ ദുരന്തമാണ് ഇന്നു നാം കാണുന്നത്. അവര്‍ക്ക് വളരാനുള്ള കളമൊരുക്കിക്കൊടുക്കുന്നത് കേരളത്തില്‍ കമ്യൂണിസ്ടുകാരാണ്. സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്‌ളീം സമുദായത്തില്‍ ഇരമനോഭാവം വളര്‍ത്തുന്നത്. ആദ്യം അവര്‍ ആര്‍. എസ്സ്. എസ്സിനെ വേട്ടയാടാന്‍ വന്നു.

ഇന്നിപ്പോള്‍ പാലുകൊടുത്ത കൈക്കുതന്നെ അവര്‍ തിരിഞ്ഞു കൊത്തുകയാണ്. കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷം കൊലചെയ്യപ്പെട്ട എ. ബി. വി. പി പ്രവര്‍ത്തകന്‍ ശ്യാമിന്റെ കൊലയാളികളെ മുഴുവന്‍ ഇതുവരെ പിണറായിയുടെ പോലീസ് പിടികൂടിയിട്ടില്ല. സോഷ്യല്‍ മീഡിയ ഹര്‍ത്താലിനോടനുബന്ധിച്ച് പോലീസ് എടുത്ത കേസ്സുകള്‍ മുഴുവന്‍ പോപ്പുലര്‍ഫ്രണ്ട് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വെള്ളം ചേര്‍ത്തു. അപായകരമായ ഈ മൃദുസമീപനമാണ് വീണ്ടും വീണ്ടും എന്തും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

ആര്‍. എസ്സ്. എസ്സിനോടുള്ള ശൗര്യത്തിന്റെ ആയിരത്തിലൊന്നുപോലും ഭീകരശക്തികളോട് സി. പി. എമ്മിനില്ല. വേണ്ടത് മുഖം നോക്കാതെയുള്ള നടപടികളാണ് എന്ന് നേരത്തെ അഭിമന്യുവിന്റെ മരണത്തില്‍ അനുശോചിച്ചു സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

pathram desk 1:
Related Post
Leave a Comment