ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ വധക്കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ച ശശി തരൂര്‍ എംപിക്കെതിരെ പരിഹാസവര്‍ഷവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ‘ശശി തരൂരിന് ഇന്ത്യ വിടരുതെന്ന് വിലക്ക് വന്നതോടെ ലോകത്തിന്റെ പല ഭാഗത്തുമുള്ള കാമുകിമാരെ കാണാന്‍ അദ്ദേഹത്തിന് കഴിയില്ലല്ലോ’ വിധി വന്ന ശേഷം സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും വ്യവസ്ഥകള്‍ കഠിനമാണ്. യാതൊരു കാരണവശാലും രാജ്യം വിട്ടു പോകാന്‍ പാടില്ല. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരു ലക്ഷം രൂപ ജാമ്യത്തില്‍ പോകാം. പാസ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാക്കണം. എപ്പോള്‍ ആവശ്യപ്പെട്ടാലും ഉദ്യോഗസ്ഥന് മുന്‍പിലെത്തണം. എന്നിങ്ങനെയാണ് വ്യവസ്ഥകള്‍.
കേസില്‍ ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാന്‍ ശശി തരൂരിന് പട്യാല ഹൈക്കോടതി നിര്‍ദേശം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി തരൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. ജൂലൈ ഏഴിന് അദ്ദേഹം ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞിട്ടുണ്ട്.
Leave a Comment