കരിന്തണ്ടനായി വിനായകന്‍!!! ലീല സന്തോഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വയനാട് ചുരം കണ്ടെത്താന്‍ ബ്രിട്ടീഷ് സായിപ്പിനെ സഹായിച്ച കരിന്തണ്ടന്റെ ജീവിതം സിനിമയാകുന്നു. ആദിവാസി സംവിധായിക ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിനായകനാണ് കരിന്തണ്ടന്റെ വേഷത്തിലെത്തുന്നത്. രാജീവ് രവി, ബി.അജിത്ത്കുമാര്‍, മധു നീലകണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തു വന്നു.

എതിരാളികളെയും പ്രകൃതിശക്തികളെയും ഭയക്കാതെ വയനാട്ടിലേക്ക് വരുംതലമുറയ്ക്ക് വഴിതെളിച്ച അയാള്‍ക്ക് നേരിടേണ്ടി വന്ന കൊടുംചതിയുടെ കഥയാണ് കരിന്തണ്ടന്‍ അനാവരണം ചെയ്യുന്നത്. ‘ചരിത്രത്തിലെ കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിരിക്കുന്നത് ആണിയിലല്ല, വലിയ ചങ്ങലകളിലാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നപ്പോള്‍ കരിന്തണ്ടന്‍ ആരായിരുന്നു എന്ന് പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം” സംവിധായിക പറയുന്നു.

പോയകാലത്തിന്റെ പഴങ്കഥകള്‍ക്കുള്ളില്‍ നിന്ന് ഹീറോയിസത്തിന്റെയും വഞ്ചനയുടെയും പ്രണയത്തിന്റെയും എതിര്‍പ്പിന്റെയും പ്രതികാരത്തിന്റെയും ഒരു അദ്ധ്യായം എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.

കരിന്തണ്ടന്റെ ചരിത്രം-

കരിന്തണ്ടനെക്കുറിച്ച് വായ്‌മൊഴിക്കഥകളും ചങ്ങലമരവും അതിലുറങ്ങുന്ന കരിന്തണ്ടന്റെ ആത്മാവെന്ന സങ്കല്‍പ്പവുമാണ് നിലവിലുള്ളത്.. കേട്ട കഥകളുടെ അടിസ്ഥാനത്തില്‍ 1750 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തിലാണ് കരിന്തണ്ടന്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. വയനാടന്‍ അടിവാരത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയയെന്ന ആദിവാസി വിഭാഗത്തിന്റെ തലവനായിരുന്നു കരിന്തണ്ടന്‍. കോഴിക്കോട് തമ്പടിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്ക് അതുവരെ അന്യമായ ഒന്നായിരുന്നു വയനാട് വഴി മൈസൂരിലേക്കുള്ള മാര്‍ഗ്ഗം.

ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാനുള്ള മാര്‍ഗ്ഗമായാണ് അവര്‍ ഈ പാതയെ നോക്കിക്കണ്ടത്. വയനാടന്‍ കുന്നുകളുടെ അടിവാരത്ത് ആടുമേച്ചു നടന്നിരുന്ന ആജാനുബാഹുവായ കരിന്തണ്ടനാണ് അവര്‍ക്ക് ആ സ്വപ്നത്തിലേക്കുള്ള വഴി തുറന്നുകൊടുത്തത്. കാടിന്റെ ഒരോ മുക്കും മൂലയും അറിയാമായിരുന്ന കരിന്തണ്ടന്റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ നിന്നെത്തിയ എഞ്ചിനീയറുടെ നേതൃത്വത്തില്‍ അടിവാരത്തില്‍ നിന്നും ലക്കിടിയിലേക്കുള്ള ആ എളുപ്പവഴി കണ്ടെത്തിയപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് കണ്ടുപിടിച്ച പാത കരിന്തണ്ടന്‍ മറ്റാര്‍ക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ചിന്ത അലട്ടി. ഒടുവില്‍ അവര്‍ തീരുമാനിച്ചു, ഈ പാതയ്ക്ക് കാരണക്കാരനായ കരിന്തണ്ടന്‍ ഇനി ജീവിച്ചിരിക്കേണ്ട. തുടര്‍ന്ന് അവര്‍ കരിന്തണ്ടനെ ചതിച്ച് കൊല്ലുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment