കാശില്ലെങ്കിലെന്താ…? കാര്‍ ഇനിയും വാങ്ങും…! 25 ലക്ഷം രൂപയുടെ കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കമാണ്, ശമ്പളം കൊടുക്കാന്‍ പണമില്ല, എന്നൊക്കെ ഇടയ്ക്കിടെ ധനമന്ത്രി പറയുന്നുണ്ടെങ്കിലും ആര്‍ഭാടത്തിന് ഒട്ടും കുറവു വരുത്താതെ എല്‍ഡിഎഫ് സര്‍ക്കാര്‍. ധനവകുപ്പിന്റെ കര്‍ശന നിയന്ത്രണം നിലനില്‍ക്കെ പുതിയ കാറുകള്‍ വാങ്ങുന്നതിനു നിര്‍ദേശം ഇന്നു മന്ത്രിസഭ പരിഗണിക്കും. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 25 ലക്ഷത്തോളം രൂപയുടെ പുതിയ കാര്‍ വാങ്ങാനുള്ള നിര്‍ദേശമാണു മന്ത്രിസഭയുടെ അജന്‍ഡയില്‍ ഉളളത്.

മൂന്നാഴ്ച മുന്‍പത്തെ മന്ത്രിസഭാ യോഗത്തില്‍ ജയില്‍ ഡിജിപിക്കും പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, രാജ്ഭവന്‍ എന്നിവയ്ക്കും ഇത്തരം കാര്‍ വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവു ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ കാര്‍ വാങ്ങുന്നതിനു ധനവകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി നേരത്തേ ഉത്തരവിറക്കിയിരുന്നു. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ഇന്നു മന്ത്രിസഭ പരിഗണിക്കും.
സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനാല്‍ ഇന്ധന വില നികുതി ഇനി കുറയ്ക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. ഇത്രയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലാണ് ലക്ഷങ്ങള്‍ മുടക്കി പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നത്.

pathram:
Leave a Comment