എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം, രണ്ട് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കോളെജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദ്, പുതിയതായി പ്രവേശനം നേടിയ ഫാറൂഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മഹാരാജാസ് കോളെജ് പ്രിന്‍സിപ്പലാണ് സസ്പെന്‍ഷന്‍ വിവരം അറിയിച്ചത്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയമിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടാതെ കോളെജില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. സംഘര്‍ഷത്തില്‍ പരിക്കേറ്റ അര്‍ജുന് ചികിത്സാ സഹായം നല്‍കുമെന്നും അഭിമന്യുവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമക്കി.

അതേസമയം, കൊലപാതകത്തില്‍ ഹാദിയ കേസില്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയവരിലേക്കും അന്വേഷണം ആരംഭിക്കും. 2017 മെയ് 29നാണ് മാര്‍ച്ച് നടത്തിയത്. അഭിമന്യുവിനെ കൊന്നവരില്‍ 13 പേര്‍ കോളെജിന് പുറത്ത് നിന്നുള്ളവരാണ്. ഈ സാഹചര്യത്തിലാണ് മാര്‍ച്ചില്‍ പങ്കെടുത്തവരിലേക്കം അന്വേഷണം നടത്തുന്നത്.

കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

മഹാരാജാസ് കോളെജില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ഫാറൂഖ്. ആലുവയിലെ സ്വകാര്യ കോളെജിലെ എം.ബി.എ വിദ്യാര്‍ഥിയാണ് ബിലാല്‍. ഫോര്‍ട്ട്കൊച്ചി സ്വദേശിയായ 37കാരന്‍ റിയാസ് വിദ്യാര്‍ഥിയല്ല. ഇവരടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമുള്ള പത്തുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ അനന്തലാലിനാണ് കേസിന്റെ അന്വേഷണ ചുമതല.

കോളെജിന്റെ പിന്‍മതിലിലെ ചുവരെഴുത്തിനുള്ള അവകാശത്തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷസ്ഥലത്തിന് എതിര്‍വശത്തുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍നിന്ന് അക്രമികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്ന ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനും വിദ്യാര്‍ഥിയുമായ വടുതല സ്വദേശി മുഹമ്മദ് ഉള്‍പ്പെടെയുള്ളവരാണ് ഒളിവില്‍ പോയത്. നവാഗതരെ വരവേല്‍ക്കാന്‍ തങ്ങള്‍ ബുക്ക് ചെയ്ത മതിലില്‍ ക്യാംപസ് ഫ്രണ്ട് ചുവരെഴുതിയെന്നായിരുന്നു എസ്എഫ്‌ഐയുടെ ആരോപണം. ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മേലെ ‘വര്‍ഗീയത’ എന്നെഴുതി ചേര്‍ത്തതിന്റെ പേരില്‍ തര്‍ക്കമായി. അല്‍പസമയത്തിനകം പുറത്തുനിന്നുള്ള ഇരുപതോളം പേരുമായി ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മടങ്ങിയെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അഭിമന്യുവിനെ പിന്നില്‍ നിന്നു കുത്തുകയായിരുന്നു. അടുത്തു തന്നെയുള്ള ജനറല്‍ ആശുപത്രയിലെത്തിക്കുമ്പോഴേക്കും രക്തം വാര്‍ന്നു മരിച്ചു.

ഇടുക്കി വട്ടവടയില്‍ തമിഴ് വംശജരായ മനോഹരന്‍ഭൂപതി ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയ ആളാണ് അഭിമന്യു. സംസ്‌കാരം നടത്തി. സഹോദരങ്ങള്‍: ബര്‍ജിത്, കൗസല്യ. വയറ്റില്‍ കുത്തേറ്റ അര്‍ജുന്റെ ആന്തരികാവയവങ്ങള്‍ക്കെല്ലാം പരുക്കുണ്ട്. ആശുപത്രിയിലെത്തിയ ഉടന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടതു തുടയില്‍ കുത്തേറ്റ എംഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥി വിനീത്കുമാര്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം ആശുപത്രിവിട്ടു.

pathram desk 2:
Related Post
Leave a Comment