അന്നു നടന്നത് ഇതാണ്…! ജനറല്‍ ബോഡിയില്‍ 103 സ്ത്രീകളുടെ ശബ്ദമാണ് ഉയര്‍ന്നുകേട്ടത്; എന്റെ കൂട്ടുകാരനൊരു പ്രശ്‌നമുണ്ടായാല്‍ സഹായിക്കേണ്ട ബാധ്യതയുണ്ട്; ദിലീപിനു വേണ്ടി വീണ്ടും വീണ്ടും വാദിച്ച് സിദ്ദിഖ്

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ച് വീണ്ടും നടന്‍ സിദ്ദിഖ് രംഗത്തെത്തി.
അമ്മ ജനറല്‍ ബോഡി മീറ്റിങ്ങില്‍ ദിലീപിനെ പിന്തുണച്ച് 103 ഓളം സ്ത്രീകളാണ് എത്തിയതെന്ന് സിദ്ധിഖ് പറഞ്ഞു. എല്ലാവരുടേതും ഒരേസ്വരത്തിലുള്ള അഭിപ്രായമായിരുന്നു. 103ഓളം സ്ത്രീകള്‍ ഉള്‍പ്പടെ 235 ഓളം ആളുകള്‍ ഉള്ള ജനറല്‍ബോഡിയില്‍ സ്ത്രീ ശബ്ദമാണ് ഉയര്‍ന്നുകേട്ടത്. ഇപ്പോള്‍ പെട്ടന്നുള്ള പുറത്താക്കല്‍ നടപടി വേണ്ടെന്നും അത് പിന്നീട് ആകട്ടെ എന്നാണ് എല്ലാവരും പറഞ്ഞതെന്ന് സിദ്ധിഖ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്.
സിദ്ധിഖിന്റെ വാക്കുകള്‍:

അന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു, തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നു. പെട്ടെന്ന് കൂടിയ അവയിലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ദിലീപിനെ പുറത്താക്കിയതായി മമ്മൂട്ടിയുടെ പ്രസ്താവന വരുന്നു. അതല്ലാതെ ഞങ്ങളുടെ മിനിറ്റ്‌സില്‍ പറഞ്ഞപ്രകാരമുള്ള പുറത്താക്കല്‍ നടപടികള്‍ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല.

ദിലീപിന് നോട്ടീസ് അയക്കണം, പിന്നീട് മറുപടി വാങ്ങണം ചര്‍ച്ച ചെയ്യണം. അതൊന്നും ഉണ്ടായില്ല. അത്തരം നടപടികള്‍ ജനറല്‍ബോഡി അവതരിപ്പിച്ചതിന് ശേഷം മതിയെന്ന് തീരുമാനിച്ചു. ഞങ്ങളൊക്കെ കൃത്യമായ നിയമവും വകുപ്പും നോക്കി കാര്യങ്ങള്‍ ചെയ്യുന്ന ആളുകളല്ല, എല്ലാവരും സുഹൃത്തുക്കളാണ്.

അങ്ങനെയാണ് ജനറല്‍ബോഡിയില്‍ ഊര്‍മിള ഉണ്ണിയുടെ ചോദ്യം വരുന്നത്. ‘ദിലീപിനോടുള്ള അമ്മയുടെ ഇപ്പോഴത്തെ നിലപാട് എന്താണെന്ന്’. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, അന്ന് ദിലീപിനെ പുറത്താക്കിയെന്ന് പ്രസ്താവന ഇറക്കിയെങ്കിലും ഒരു പുറത്താക്കല്‍ നടപടി ഉണ്ടായിട്ടില്ല, ഇനി എന്ത് ചെയ്യണമെന്നാണ് നിങ്ങളുടെ അഭിപ്രായമെന്ന് പറയാന്‍ പറഞ്ഞു.

എല്ലാവരുടേതും ഒരേസ്വരത്തിലുള്ള അഭിപ്രായമായിരുന്നു. നൂറ്റിമൂന്നോളം സ്ത്രീകള്‍ ഉള്‍പ്പടെ 235 ഓളം ആളുകള്‍ ഉള്ള ജനറല്‍ബോഡിയില്‍ സ്ത്രീ ശബ്ദമാണ് ഉയര്‍ന്നുകേട്ടത്. ഇപ്പോള്‍ പെട്ടന്നുള്ള പുറത്താക്കല്‍ നടപടി വേണ്ടെന്നും അത് പിന്നീട് ആകട്ടെ എന്നാണ് എല്ലാവരും പറഞ്ഞത്.

പെട്ടെന്നുണ്ടായ തീരുമാനം

ഒരു പുറത്താക്കല്‍ നടപടി ഉണ്ടായി, ദിലീപിനെ പുറത്തുനിര്‍ത്തി അത് റദ്ദാക്കി പിന്നീട് തിരിച്ചെടുക്കുന്ന പരിപാടിയൊന്നും ഉണ്ടായിട്ടില്ല. ആ അറസ്റ്റ് നടന്ന സമയത്ത് മമ്മൂട്ടിയുടെ വീട്ടില്‍ ചെറിയ മീറ്റിങ് ചേരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന രമ്യ നമ്പീശന്‍ ഉള്‍പ്പടെയുള്ളവര്‍ വളരെ ശക്തമായി ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ആ തീരുമാനത്തില്‍ എത്തിയത്. അന്ന് അവിടെ പൃഥ്വിരാജ്, ആസിഫ് അലി, മമ്മൂട്ടി, മോഹന്‍ലാല്‍, ദേവന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല.

അങ്ങനെ പെട്ടന്നുണ്ടായ എക്‌സിക്യൂട്ടീവ് മീറ്റിങില്‍ ഉയര്‍ന്ന് കേട്ട ശബ്ദം ദിലീപിനെ പുറത്താക്കണം എന്നായിരുന്നു. എന്നാല്‍ അങ്ങനെയൊരു നടപടി ക്രമങ്ങള്‍ എടുത്ത് മുന്നോട്ട് പോകുന്നൊരു സംഘടന അല്ല അമ്മ. അധികാരകേന്ദ്രങ്ങളില്‍ ഇരിക്കുന്ന ആളുകളല്ല, രാഷ്ട്രീയ നേതാക്കളില്ല, ഇത് മൂലം ജനങ്ങളില്‍ അതെന്ത് പ്രതിഫലനം ഉണ്ടാക്കുമെന്ന് പോലും ആലോചിക്കുന്ന ആളുകളല്ല ഇവിടെ ഉള്ളത്.

ഞങ്ങളുടെ ഇടയിലുണ്ടാകുന്ന ചെറിയ പ്രശ്‌നംപോലും ജനങ്ങളെയും ബാധിക്കുന്നതുകൊണ്ടാണ് അവര്‍ പ്രതികരിക്കുന്നത്. അത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ സംബന്ധിച്ചടത്തോളം ഞങ്ങള്‍ സഹപ്രവര്‍ത്തകയുടെ കൂടെയാണ്. ആ കുട്ടിക്കുണ്ടായ അപകടത്തില്‍ ഒരുപാട് വിഷമിക്കുന്നുണ്ട്. എന്നും അവള്‍ക്കൊപ്പമാകും.

ദിലീപും നടിയും

ദിലീപിനെ ഞങ്ങള്‍ക്ക് എങ്ങനെ തള്ളിപ്പറയാന്‍ പറ്റും. ദിലീപ് കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. 235ഓളം അംഗങ്ങളുടെ അഭിപ്രായത്തെയാണ് ഞങ്ങള്‍ പരിഗണിച്ചത്. ഇരയെ വേദനപ്പിക്കുന്ന രീതിയുള്ള തീരുമാനമല്ല, ഇതില്‍ എതിര്‍ത്ത് നാല് കുട്ടികള്‍ രാജിവച്ചു. അത് അപ്പോഴുണ്ടായ അവരുടെ വികാരമാണ്. അവര്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്തി.

നേരെമറിച്ച് ആ കുട്ടികള്‍ അമ്മ സംഘടനയുമായി ബന്ധപ്പെട്ട ആരോടെങ്കിലും കാര്യങ്ങള്‍ തുറന്നുപറയുക, ജനറല്‍ബോഡിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല, നിങ്ങളുടെ തീരുമാനത്തോട് വിയോജിപ്പുണ്ട്, ഞങ്ങളെ അതിന് സംസാരിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞാല്‍ ആരും തടയില്ല.

ഈ തീരുമാനങ്ങളൊക്കെ മാറ്റാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഞങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് ഒരു ഭരണഘടനയൊന്നുമല്ലല്ലോ ചെറിയ സംഘടനയിലെ അഭിപ്രായങ്ങള്‍ മാത്രമാണ്. ഇത് മാറ്റി ചിന്തിക്കാം. ദിലീപിനെ പുറത്താക്കണം എന്നുപറയുന്ന സമയത്ത് രമ്യ നമ്പീശന്റെ അഭിപ്രായം കണക്കിലെടുത്തിരുന്നു.

ഈ നാല് നടിമാരെ കൂടാതെ ജനറല്‍ബോഡിയില്‍ മറ്റ് 105 നടിമാര്‍ ഉണ്ടായിരുന്നു. അവരുടെ അഭിപ്രായം കണക്കിലെടുക്കേണ്ടേ. അവര്‍ക്കും ഇല്ലെ അഭിപ്രായങ്ങള്‍. 235 പേര്‍ പങ്കെടുത്ത ഒരു ജനറല്‍ ബോഡിയില്‍ ആ സംഘടനയിലെ ഭൂരിപക്ഷാഭിപ്രായം തങ്ങള്‍ മാനിക്കേണ്ടതുണ്ട്. പുറത്താക്കണം എന്ന് തീരുമാനിച്ചത് അഞ്ചോ ആറോ പേര്‍ ചേര്‍ന്നു മാത്രമാണ്. ഇപ്പോള്‍ 235 പേര്‍ ചേര്‍ന്നാണ് ആ തീരുമാനം മരവിപ്പിക്കണം എന്നു പറഞ്ഞത്. അന്നുണ്ടായത് പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു.

നിങ്ങള്‍ എന്തിനാണ് ദിലീപിനെയും ആ കുട്ടിയെയും രണ്ട് തട്ടില്‍ കാണുന്നത്. ഒരു െ്രെകം നടന്നു, കുട്ടിയെ ക്രിമിനല്‍ ആക്രമിച്ചു, നാലാം ദിവസം ക്രിമിനലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആ കുട്ടി ആക്രമിച്ച ആളെ തിരിച്ചറിയുകയും ചെയ്തു. കേസ് നടക്കുന്നു. ഇതില്‍ ക്രിമിനല്‍ പറഞ്ഞ പേര് മാത്രമാണ് ദിലീപ്. ഒരു സുപ്രഭാതത്തില്‍ ദിലീപിനെ തള്ളിപ്പറയാന്‍ കഴിയില്ല. എന്റെ കൂട്ടുകാരനൊരു പ്രശ്‌നമുണ്ടായാല്‍ സഹായിക്കേണ്ട ബാധ്യതയുണ്ട്. കുറ്റവാളിയാണോ എന്ന് നാളെ തീരുമാനിക്കട്ടെ.

നടിമാരുടെ രാജി

ജനറല്‍ ബോഡിയിലെ തീരുമാനത്തിന് ശേഷമാണ് ഇവര്‍ക്ക് വേദന ഉണ്ടായി എന്നുപറയുന്നത്. അങ്ങനെയെങ്കില്‍ അതിനുള്ള വേദി അവര്‍ക്ക് വേണ്ടി വീണ്ടും ഒരുക്കാം. ഇപ്പോള്‍ അമ്മയില്‍ നിന്ന് പിന്മാറിയവരൊക്കെ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ്, നാളെ ഒപ്പം അഭിനയിക്കേണ്ടവരാണ്. പുറത്തുനിന്ന് ആളുകള്‍ വീക്ഷിക്കുന്നതുപോലെ ഇവരൊന്നും ഞങ്ങളുടെ ശത്രുക്കളൊന്നുമല്ല. നാളെ ഞാന്‍ രമ്യയുടെയും റിമയുടെയും കൂടെ അഭിനയിക്കേണ്ടി വന്നാല്‍ പരസ്പരം സംസാരിക്കില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ

ജനങ്ങളുടെ ഈ പ്രതിഷേധമൊക്കെ തങ്ങളോട് സ്‌നേഹമുള്ളതു കൊണ്ടാണ്. ഇണക്കമുള്ളിടത്തേ പിണക്കമുണ്ടാകൂ. മോഹന്‍ലാലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അതില്‍ മോഹന്‍ലാലിന് വിഷമമുണ്ടാകില്ല. ലാലിനെ തനിക്ക് നന്നായറിയാം. ഇതുകേട്ട് വിഷമിക്കുന്നത് മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്ന നമ്മളാണ്.

ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ പൃഥ്വിരാജും രമ്യ നമ്പീശനും എല്ലാവരും ഉണ്ടായിരുന്നു. അന്ന് അവര്‍ എതിര്‍ത്തില്ല. പൊതുജനങ്ങളുടെ ഇപ്പോഴത്തെ ധാരണയിലും മാറ്റമുണ്ടായേക്കാം. ദിലീപിനോടൊപ്പം അഭിനയിക്കില്ലെന്ന് ആസിഫ് അലി പറഞ്ഞു, പിന്നീട് ആ അഭിപ്രായം മാറ്റിപ്പറഞ്ഞില്ലേ

വുമന്‍ ഇന്‍ സിനിമാ കലക്ടീവ് സ്ത്രീകേന്ദ്രീകൃതമായ സംഘടനയാണ്. അവരുടെ പ്രശ്‌നങ്ങള്‍ പുരുഷന്മാരുടെ കോണില്‍ നോക്കിയാല്‍ മനസ്സിലാവില്ല. അത് സ്ത്രീകള്‍ മാത്രമെ പരിഹരിക്കാന്‍ കഴിയൂ. അല്ലാതെ അമ്മ സംഘടനയ്‌ക്കെതിരെ ഉണ്ടാക്കിയ സംഘടന അല്ല ഡബ്ലുസിസി.

ഞങ്ങള്‍ അഭിനേതാക്കളാണ്, വളരെ സാധാരണക്കാരാണ്. ബുദ്ധി കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത്. പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്തായിരിക്കാം ആ 4 നടിമാര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചത്. ഇരുകൂട്ടരും ചര്‍ച്ച നടത്തുമ്പോള്‍ ചിലപ്പോള്‍ ഇപ്പോഴത്തെ അഭിപ്രായങ്ങള്‍ മാറിയേക്കാം. രാജി പിന്‍വലിച്ച് തിരിച്ചുവന്നാലും അല്ലാതെ വന്നാലും അവരെ സ്വീകരിക്കും.

രാജിവച്ച നടിമാരായ ഗീതുവും രമ്യയും റിമയുമൊക്കെ താനുമായി വളരെ അടുപ്പമുള്ള നടിമാരാണെന്നും ഫോണ്‍വിളിച്ച് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചാല്‍ വന്നുകൂടായ്ക ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ‘പ്രസ്തവാനകളുടെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നടിയാണ് പാര്‍വതി. അവര്‍ എന്തുമാത്രം വിഷമിച്ചു. അമ്മയുടെ ഷോ നടക്കുന്ന സമയത്ത് റിഹേര്‍സല്‍ ക്യാംപില്‍ പാര്‍വതി വന്നിരുന്നു. ‘ഇവിടെ വരുമ്പോള്‍ എല്ലാവരും തന്നോട് ദേഷ്യപ്പെടും, ആരും മിണ്ടില്ല എന്നാണ് കരുതിയതെന്നും എന്നാല്‍ നല്ല സ്‌നേഹത്തിലാണ് എല്ലാവരും പെരുമാറിയതെന്നും പാര്‍വതി എന്നോട് പറഞ്ഞിട്ടുണ്ട്.’സിദ്ദിഖ് പറഞ്ഞു.

അമ്മയിലെ എംഎല്‍എമാര്‍

മുകേഷും ഗണേഷും എംഎല്‍എ കാറിനല്ല അമ്മ മീറ്റിങില്‍ വരുന്നത്. അവരൊക്കെ ഞങ്ങള്‍ക്കിടയില്‍ സിനിമാനടന്മാരും സുഹൃത്തുക്കളും മാത്രമാണ്. അല്ലാതെ അമ്മയില്‍ ഒരു രാഷ്ട്രീയവും ഇല്ല. ഗണേഷ് പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍. ഞാന്‍ അതില്‍ തെറ്റ് കാണുന്നില്ല, എംഎല്‍എ എന്ന നിലയിലല്ല സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അദ്ദേഹം പറയുന്നത്. അയാള്‍ എന്ത് സാഹചര്യത്തില്‍ അത് പറയുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കണം, വീട്ടിലെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ രാഷ്ട്രീയകാര്യമാക്കി ചര്‍ച്ചയാക്കുമോ

അമ്മ സംഘടനയും മാഫിയയും

എന്ത് മാഫിയ പ്രവര്‍ത്തനമാണ് അമ്മ ചെയ്യുന്നത്. അമ്മ എത്രയോ പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന സംഘടനയാണ് എത്രയോ പേരുടെ ചികിത്സാച്ചെലവുകള്‍ വഹിക്കുന്നുണ്ട് ഈയൊരു പ്രശ്‌നത്തിന്റെ പേരില്‍ ഞങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. എല്ലാ മാധ്യമങ്ങളും ഞങ്ങളെ കടന്നാക്രമിക്കുകയായിരുന്നു. ഒന്നും പറയാനുള്ള അവസരം പോലും ഞങ്ങള്‍ക്കു തന്നില്ല. പറയാനുള്ള അവസരം കിട്ടാതെ ഞങ്ങള്‍ വിഷമിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment