കുറവിലങ്ങാട്: കന്യാസ്ത്രീയെ ബിഷപ് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കുറുവിലങ്ങാട് മഠത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ കന്യാസ്ത്രീ മൊഴിനല്‍കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നതായും കന്യാസ്ത്രീ പോലീസിനു മൊഴി നല്‍കി. ശല്യം കൂടിയപ്പോള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. ഫോണില്‍ അശ്ലീലച്ചുവയോടെയാണ് സംസാരിച്ചിരുന്നത്. ഇതുതുടര്‍ന്നാല്‍ തനിക്കു സന്ന്യാസജീവിതം ഉപേക്ഷിച്ച് സഭയ്ക്കു പുറത്തുപോകുകയോ ആത്മഹത്യ ചെയ്യുകയോ വേണ്ടിവരുമെന്ന് ബിഷപ്പിനോടും പലതവണ പറഞ്ഞിരുന്നു.
2014 മേയ് അഞ്ചിന് തൃശ്ശൂരില്‍ വൈദികപട്ടം കൊടുക്കുന്ന ചടങ്ങില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കാര്‍മികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തില്‍ ആദ്യമായി താമസിക്കാന്‍ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തില്‍ ഒരു ആദ്യകുര്‍ബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളില്‍, മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഗസ്റ്റ് റൂം കൂടിയാണ്. പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.
പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഇവിടെ എത്തിയിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതയ്ക്ക്, കേരളത്തില്‍ കുറവിലങ്ങാട് കൂടാതെ കണ്ണൂരിലും രണ്ടു മഠങ്ങളുണ്ട്. എന്നാല്‍, ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തില്‍ സന്ദര്‍ശനാനുമതി മാത്രമാണുള്ളത്. താമസിക്കാന്‍ അനുമതിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു.
ഫോണില്‍ അശ്ലീലം പറയുന്നത് തുടര്‍ന്നപ്പോള്‍, കുറവിലങ്ങാട് പള്ളി വികാരിയോട് പരാതിപ്പെട്ടു. അദ്ദേഹം വിവരം പാലാ ബിഷപ്പിനെ അറിയിച്ചു. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളിമേടയില്‍ കന്യാസ്ത്രീയുടെ പരാതി കേട്ടു. ഇതിനുശേഷമാണ് സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ക്കണ്ട് പരാതി പറഞ്ഞത്. ഇക്കാര്യത്തില്‍ താന്‍ നിസ്സഹായനാണെന്ന് അദ്ദേഹം അറിയിച്ചെന്നും മൊഴിയിലുണ്ട്.
തുടര്‍ന്ന്, ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതി നല്‍കി. ഇത് മേയില്‍ പോപ്പിന് അയച്ചുകൊടുത്തു. എന്നിട്ടും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് എസ്.പി.ക്ക് പരാതി നല്‍കിയത്.
ഇവരെക്കൂടാതെ കുറവിലങ്ങാട് മഠത്തിലെ നാലു കന്യാസ്ത്രീകളുടെ മൊഴി കൂടി വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി. പീഡനത്തെക്കുറിച്ച് പറഞ്ഞറിവേ ഉള്ളൂവെന്നാണ് ഇവരുടെ മൊഴി. ഒമ്പത് കന്യാസ്ത്രീമാരാണ് മഠത്തിലുള്ളത്. ചൊവ്വാഴ്ചയും മൊഴിയെടുപ്പു തുടരും.
അടുത്തദിവസങ്ങളില്‍ മഠത്തിലെ മറ്റു ജീവനക്കാരില്‍നിന്ന് പോലീസ് വിവരങ്ങള്‍ തേടും. ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
എന്നാല്‍ കന്യാസ്ത്രീക്കെതിരായ പരാതി അന്വേഷിച്ചതിന്റെ വൈരാഗ്യമാണ് തനിക്കെതിരായി പരാതി നല്‍കാന്‍ കാരണമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞിരുന്നു. സത്യാവസ്ഥ തുറന്നു കാട്ടുമെന്നും കേരളത്തിലെത്തി കേസുമായി സഹകരിക്കുമെന്നും ബിഷപ്പ് അറിയിച്ചിരുന്നു.
2016 ല്‍ കന്യാസ്ത്രീക്കെതിരെ ഗുരുതരമായ പരാതി ലഭിച്ചു. ഈ പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത് വൈരാഗ്യമുണ്ടാക്കി. തുടര്‍ന്നടപടികള്‍ സ്വീകരിച്ചത് കന്യാസ്ത്രീയെ പ്രകോപിപ്പിച്ചു. ഇതിന് ശേഷം തനിക്കെതിരെ ഭീഷണി ഉയര്‍ന്നത് 2018 ലെന്നും ബിഷപ്പ് പറഞ്ഞു.
Leave a Comment