കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടി വീണ്ടും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അമ്മ അംഗീകരിച്ചു. ചര്‍ച്ച ആവശ്യപ്പെട്ട നടി രേവതിക്ക് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രേഖാമൂലം മറുപടി നല്‍കി. മറ്റു നടിമാര്‍ക്ക് കൂടി സൗകര്യമുള്ളപ്പോള്‍ ചര്‍ച്ചയാകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ 13,14 ദിവസങ്ങളില്‍ ചര്‍ച്ച വേണമെന്നായിരുന്നു രേവതിയടക്കം മൂന്ന് നടിമാര്‍ ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇതോടെ സംഭവം വന്‍ വിവാദമാവുകയായിരുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ആക്രമണത്തിന് ഇരയായ നടി എന്നിവര്‍ അമ്മയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നടിമാര്‍ അമ്മ നേതൃത്വത്തിന് കത്ത് നല്‍കിയത്.
ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ അമ്മയ്ക്കെതിരെ സമൂഹത്തില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നടിമാര്‍ക്കൊപ്പം പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വങ്ങളും നിന്നതോടെ തീരുമാനം പുനപരിശോധിക്കാമെന്ന് അമ്മയ്ക്ക് പറയേണ്ടി വരികയായിരുന്നു.
അതേസമയം, അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കന്നട സിനിമാ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അമ്മയുടെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് ഇടവേള ബാബുവിന് കത്തയച്ചു. കന്നട സിനിമാ സംഘടനയായ കെഎഫ്ഐയും എഫ്ഐആര്‍ഇയുമാണ് കത്തയച്ചത്. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി കുറ്റവിമുക്തനാക്കുന്നതിന് മുന്പ് ദിലീപിനെ തിരിച്ചെടുത്തത് തെറ്റായ സന്ദേശം നല്‍കും. സിനിമാനടിമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ‘അമ്മ’യുടെ ചുമതലയാണ്. കേസില്‍ തീര്‍പ്പാകുന്നത് വരെ ദിലീപിനെ മാറ്റിനിര്‍ത്താനുള്ള നടപടിയാണ് അമ്മ സ്വീകരിക്കേണ്ടതെന്നും കത്തില്‍ പറയുന്നു.
താരങ്ങള്‍ സുരക്ഷിതരല്ലെന്ന കാര്യം ഏറെ ആശങ്ക ഉണര്‍ത്തുന്നതാണ്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമിക്കപ്പെട്ട നടിയോടുള്ള വെല്ലുവിളിയാണ്. ഇതില്‍ പ്രതിഷേധിച്ച് നടി അടക്കമുള്ള നാല് പേര്‍ രാജിവച്ചത് കാര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ദിലീപിനെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ച ‘അമ്മ’യുടെ നടപടി നിരാശജകമാണെന്നും കത്തില്‍ പറയുന്നു. പ്രകാശ് രാജ് ഉള്‍പ്പെടെ അമ്പതോളം പേരാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.
അതേസമയം വരും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക സംവിധായകരുടെയും നിര്‍മാതാക്കളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സജിത മഠത്തില്‍ രംഗത്ത് വന്നിട്ടുണ്ട്.
ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന പട്ടികയിലുള്ള എല്ലാ നടിമാരും ഡബ്ല്യു.സി.സി അംഗങ്ങളാണെന്നും സജിത മഠത്തില്‍ പറയുന്നു. അവസരങ്ങള്‍ നഷ്ടപ്പെടുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് നിലപാടിലുറച്ച് ഇപ്പോഴും പ്രതിഷേധിക്കുന്നത്. ചാവേര്‍ സ്വഭാവമുള്ള സംഘടനയാണ് ഡബ്ല്യൂ.സി.സി എന്നും അവര്‍ പറഞ്ഞു.
ഈ കൂട്ടായ്മ രൂപികരിച്ചതിന്റെ പേരില്‍ സംഘടനയില്‍ നിന്നും സിനിമയില്‍ നിന്നും നിരവധി അവഗണനകള്‍ നേരിട്ട അംഗങ്ങള്‍ ഉണ്ട്. ഇത്തരം സാഹചര്യങ്ങളെ കൂട്ടായി തന്നെ നേരിടും. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവങ്ങളില്‍ ഒന്നായിരുന്നു ഡബ്ല്യു.സി.സിയുടെ രൂപീകരണം.
അറുപതിനും എഴുപതിനും ഇടയില്‍ അംഗങ്ങളാണ് സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. സ്ത്രീകള്‍ സ്വന്തം സ്ഥാനം നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന ഈ പോരാട്ടം അത്രസുഖകരമാവില്ലെന്ന് അറിയാമെന്നും അവര്‍ പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ,സജിത മഠത്തില്‍ വ്യക്തമാക്കി.
അതേസമയം, ദിലീപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി മാത്രമെന്ന് തെളിഞ്ഞുവെന്നും തങ്ങള്‍ നടിക്കൊപ്പമാണെന്നും പറഞ്ഞ് നൂറോളം സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവന പുറത്തുവന്നു. ഞങ്ങളുടെ സുഹൃത്ത് ഇരയല്ലെന്നും സമൂഹത്തിന് മാതൃകയായ ധീരവനിതയെന്നും പ്രസ്താവനയില്‍ പറയുന്നു.
സംഘടനയുടേത് സ്ത്രീവിരുദ്ധ നടപടിയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സംഘടനയില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഇവര്‍ സംഘടനയില്‍ തുടരുന്നത് സ്ത്രീവിരുദ്ധ നടപടികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. അലന്‍സിയര്‍, വിനായകന്‍, ആഷിഖ് അബു, അമല്‍ നീരദ് ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.
ഇതിനിടെ, ‘അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് പേര്‍ മത്സരിക്കാനൊരുങ്ങിയിരുന്നുവെന്നും എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചെന്നും ഡബ്ല്യുസിസി ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Leave a Comment