ആര് പറയുന്നതാണ് ശരിയെന്ന് എനിക്കിതുവരെ മനസിലായിട്ടില്ലെന്ന് ഊര്‍മിള ഉണ്ണി; വന്‍ തോവിയായിപ്പോയെന്ന് ദിവ്യ ഗോപിനാഥ്

നടന്‍ ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്തത് വന്‍ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരിന്നു. ഇതിനെ തുടര്‍ന്ന് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജി കൂടി വെച്ചതോടെ പ്രതിഷേധം വീണ്ടും ശക്തമായി. സംഘടനയുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് രാജി വച്ച നടിമാര്‍ക്ക് പിന്തുണ അറിയിച്ചും മലയാള സിനിമയിലെ നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. അമ്മ മനുഷ്യവിരുദ്ധ സംഘടനയാണെന്നായിരുന്നു പ്രധാന ആരോപണം. കൂടാതെ കന്നഡ സിനിമാരംഗവും രാജി വച്ച നടിമാര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ദിലീപിനെ സംഘടനിയില്‍ തിരിച്ചെടുക്കാന്‍ യോഗത്തില്‍ ശക്തമായി ആവശ്യം ഉന്നയിച്ചത് ഊര്‍മിള ഉണ്ണിയായിരുന്നു. ഇപ്പോള്‍ എന്നാല്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് നടി ഊര്‍മിള ഉണ്ണി.

നടിയെ ആക്രമിച്ച സംഭവത്തില്‍ ആര് പറയുന്നതാണ് ശരിയെന്ന് തനിക്കിത് വരെ മനസിലായിട്ടില്ലെന്നും നടിക്ക് താന്‍ പിന്തുണ നല്‍കിയിരുന്നതായും ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് വ്യക്തമാക്കി. യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാന്‍ തനിക്ക് മാത്രമേ ധൈര്യം ഉണ്ടായിരുന്നുള്ളുവെന്നും ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷരപുരസ്‌കാരം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി.

വീട്ടിലെ വേലക്കാരിയെ രണ്ടു ദിവസം കാണാതിരുന്നാല്‍ അവര്‍ മടങ്ങി വരുമോ എന്ന ആശങ്ക സ്വാഭാവികമാണ്. അത്തരത്തിലുള്ള സംശയമാണു തന്റെ ഭാഗത്തു നിന്നുണ്ടായത്. യോഗത്തിലെ തീരുമാനങ്ങളെന്ന നിലയില്‍ പുറത്തു വരുന്ന വാര്‍ത്തകളില്‍ പലതും വാസ്തവ വിരുദ്ധമാണ്. താന്‍ ഇപ്പോഴും ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പമാണെന്നും ഊര്‍മിള പറഞ്ഞു.

അതേസമയം ഊര്‍മിളയുടെ പ്രസ്താവനയെ കളിയാക്കി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി.’വേലക്കാരിയായിരുന്തലും നീ എന്‍ മോഹ വല്ലി എന്ന് നടി….വന്‍ തോല്‍വിയായിപ്പോയി.’- എന്ന് ദിവ്യ സമൂഹമാധ്യമത്തില്‍ കുറിച്ചു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ദിലീപിനെ പുറത്താക്കിയ തീരുമാനം ഒരു വര്‍ഷം മുന്‍പേ തന്നെ എ.എം.എം.എ മരവിപ്പിച്ചിരുന്നുവെന്നാണ് രേഖയിലുള്ളത്.

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍വെച്ചു ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യുട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍ പിന്നാലെ നടന്ന എക്‌സിക്യുട്ടീവ് യോഗം ഈ തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. പുറത്താക്കിയ നടപടിക്ക് നിയമ സാധുതയില്ലാ എന്ന ഒരു കാരണത്താലാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കന്നട സിനിമാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അമ്മയുടെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് ഇടവേള ബാബുവിന് കത്തയച്ചു. കന്നട സിനിമാ സംഘടനയായ കെഎഫ്ഐയും എഫ്ഐആര്‍ഇയുമാണ് കത്തയച്ചത്. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി കുറ്റവിമുക്തനാക്കുന്നതിന് മുന്പ് ദിലീപിനെ തിരിച്ചെടുത്തത് തെറ്റായ സന്ദേശം നല്‍കും. സിനിമാനടിമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ‘അമ്മ’യുടെ ചുമതലയാണ്. കേസില്‍ തീര്‍പ്പാകുന്നത് വരെ ദിലീപിനെ മാറ്റിനിറുത്താനുള്ള നടപടിയാണ് അമ്മ സ്വീകരിക്കേണ്ടതെന്നും കത്തില്‍ പറയുന്നു.

താരങ്ങള്‍ സുരക്ഷിതരല്ലെന്ന കാര്യം ഏറെ ആശങ്ക ഉണര്‍ത്തുന്നതാണ്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമിക്കപ്പെട്ട നടിയോടുള്ള വെല്ലുവിളിയാണ്. ഇതില്‍ പ്രതിഷേധിച്ച് നടി അടക്കമുള്ള നാല് പേര്‍ രാജിവച്ചത് കാര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ദിലീപിനെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ച ‘അമ്മ’യുടെ നടപടി നിരാശജകമാണെന്നും കത്തില്‍ പറയുന്നു. പ്രകാശ് രാജ് ഉള്‍പ്പെടെ അമ്പതോളം പേരാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായെന്നാണ് കഴിഞ്ഞ ദിവസം അമ്മ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നു വന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നില്‍ക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൈക്കൊണ്ടതെന്നും അമ്മയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പൊളിയുന്ന തരത്തിലാണ് അമ്മയുടെ വാര്‍ഷിക റിപ്പോര്‍ട്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:

2018 ജൂണ്‍ 26നു ചേര്‍ന്ന അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നു വന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നില്‍ക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൈക്കൊണ്ടത്. അതിനപ്പുറമുള്ള എന്തെങ്കിലും നിക്ഷിപ്ത താല്‍പര്യങ്ങളോ നിലപാടോ ഈ വിഷയത്തില്‍ അമ്മ നേതൃത്വത്തിനില്ല.

ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയ്ക്കു നേരെയുണ്ടായ കിരാതമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെയാണ് ആ വേദന ആദ്യം ഏറ്റുവാങ്ങിയത്. അന്നു മുതല്‍ ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണു ഞങ്ങള്‍. കേവലം 485 അംഗങ്ങള്‍ മാത്രമുള്ള സംഘടനയാണ് അമ്മ. അതില്‍ പകുതിയിലേറെപ്പേരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരാണ്.

സ്വന്തമായി വീടില്ലാത്തവര്‍, നിത്യച്ചെലവുകള്‍ക്കു വഴിയില്ലാത്തവര്‍, രോഗചികിത്സയ്ക്കു പണമില്ലാത്തവര്‍ അങ്ങനെ ഒട്ടേറെ അംഗങ്ങളുണ്ട് അമ്മയില്‍. അതിലേറെയും സ്ത്രീകള്‍. അങ്ങനെ ഉള്ള 137 ‘മക്കള്‍’ക്കാണ് ഈ സംഘടന മുടങ്ങാതെ മാസം തോറും ‘കൈനീട്ട’മെത്തിക്കുന്നത്. മറ്റു ധനസഹായങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ വേറെയും.

26ലെ യോഗത്തില്‍ തന്നെയെടുത്ത മറ്റൊരു തീരുമാനം അകാലത്തില്‍ അന്തരിച്ച കൊല്ലം അജിത് എന്ന നടന്റെ നിരാലംബമായ കുടുംബത്തിനു സ്വന്തമായി ഒരു വീട് നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു. ഇതൊക്കെ എണ്ണിയെണ്ണി ബോധ്യപ്പെടുത്തി കയ്യടി നേടാന്‍ ഒരിക്കലും അമ്മ ശ്രദ്ധിച്ചിട്ടില്ല. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്ര കുത്തുന്നത് മനുഷ്യത്വരഹിതമാണ്.

ദിലീപിന്റെ അംഗത്വം സംബന്ധിച്ചു പൊതുയോഗം കൈക്കൊണ്ട തീരുമാനം ഔദ്യോഗികമായി ആ നടനെ അറിയിക്കുക പോലും ചെയ്തിട്ടില്ല. അതിനു മുന്‍പേ തന്നെ അമ്മയ്‌ക്കെതിരെ മാധ്യമങ്ങള്‍ അതൊരായുധമായി പ്രയോഗിച്ചു തുടങ്ങി. സത്യമെന്തെന്ന് അറിയും മുന്‍പു നമ്മള്‍ ബഹുമാനിക്കുന്ന ഒട്ടേറെ വ്യക്തികള്‍ എതിര്‍പ്പുമായി രംഗത്തു വന്നു. ആ വിമര്‍ശനങ്ങളെ പൂര്‍ണമനസ്സോടെ ഉള്‍ക്കൊള്ളുന്നു.

വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാത്ത ചിലര്‍ പിന്നീട് എതിര്‍ ശബ്ദമുയര്‍ത്തി സംഘടനയില്‍ നിന്നു പുറത്തു പോകുന്നു എന്നു പ്രഖ്യാപിച്ചു. ആ തീരുമാനത്തിനു പുറകിലെ വികാരങ്ങള്‍ എന്തായാലും അതു പരിശോധിക്കാന്‍ പുതിയ നേതൃത്വം തയാറാണ്. തിരത്തലുകള്‍ ആരുടെ പക്ഷത്തു നിന്നായാലും നടപ്പാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം.

പുറത്തു നിന്ന് അഴുക്കു വാരിയെറിയുന്നവര്‍ അതു ചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തല്‍ക്കാലം നമുക്ക് അവഗണിക്കാം. സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ്.

pathram desk 1:
Related Post
Leave a Comment