കേരളത്തിന് ഉടന്‍ എയിംസ്: കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചെന്ന് മന്ത്രി കെ.കെ ശൈലജ

ന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നു സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.

അതേസമയം മാതൃമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനത്തിനുള്ള അവാര്‍ഡ് ഇത്തവണ ലഭിച്ചത് കേരളത്തിനായിരുന്നു. ഇത് ഏറ്റുവാങ്ങാനാണു മന്ത്രി ഡല്‍ഹിയിലെത്തിയത്.

‘കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. ഘട്ടമായിട്ടാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്ന് അറിയിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്താമെന്ന് ഇപ്പോള്‍ കേന്ദ്രമന്ത്രി സമ്മതിച്ചിട്ടുണ്ട് ശൈലജ പറഞ്ഞു.

കേന്ദ്രത്തില്‍ ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നാലു സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയിരുന്നത്. കേരളത്തില്‍ സമീപകാലത്തുണ്ടായ നിപ വൈറസ് ബാധ മൂലമുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുന്നതു തടയുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നുള്ള ഗവേഷണ സംവിധാനത്തിനു കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചതായും ശൈലജ പറഞ്ഞു

ഐ.സി.എം.ആറും ലോകാരോഗ്യസംഘനാ പ്രതിനിധികളെയുമൊക്കെ പങ്കെടുപ്പിച്ച് താമസിയാതെ ഒരു യോഗം വിളിച്ചുചേര്‍ക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ശാസ്ത്രജ്ഞരും കേരളത്തിന്റെ പ്രതിനിധികളും പങ്കെടുക്കുമെന്നും ശൈലജ വ്യക്തമാക്കി. അതേസമയം നിലവില്‍ എംയിസ് സ്ഥാപിക്കാനായി കോഴിക്കോടാണ് സംസ്ഥാനം നിര്‍ദേശിച്ചിരിക്കുന്നത്. 200 ഏക്കര്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട് എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Related Post
Leave a Comment