കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബിഷപ്പിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുത്തു; രണ്ടു വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 13 തവണ!!!

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ജലന്ധറില്‍ സേവനം അനുഷ്ഠിക്കുന്ന ബിഷപ്പിനെതിരെ പോലീസ് കേസെടുത്തു. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കുറവിലങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്.

ബിഷപ്പ് കേരളത്തിലെത്തുമ്പോള്‍ താമസത്തിനായി കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസിലെത്തും. ഈ സമയത്തായിരുന്നു ബലാത്സംഗവും പ്രകൃതിവിരുദ്ധപീഡനവും. ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. 2014 മേയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ മൊഴി.

ബിഷപ്പിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. പീഡനം തുടര്‍ന്നതോടെ കന്യാസ്ത്രീ മേജര്‍ ആര്‍ച്ച് ബിഷപ്പിന് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സഭാതലത്തില്‍ അന്വേഷണം നടത്തുന്നതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി ബിഷപ്പ് കുറവിലങ്ങാട്ടെത്തിയപ്പോള്‍ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി രണ്ടു വൈദികര്‍ കന്യാസ്ത്രീക്കെതിരെ കുറുവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.

ഇതോടെ കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായും രണ്ടു പരാതികളുള്ളതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. വൈദ്യപരിശോധനയില്‍ ലൈംഗികപീഡനം വെളിവായിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment