ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരെയുള്ള ലൈംഗിക വിവാദം സംബന്ധിച്ച കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കേസില്‍ അന്വേഷണം ആരംഭിക്കുമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാര്‍ വി.എസ് അച്യുതാനന്ദന്‍ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ തന്നെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു വി എസിന്റെ കത്തിന്റെ ഉള്ളടക്കം.

അതേസമയം, ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ അറിയിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ അറിയിച്ചു.

ഇത് സംസ്ഥാന പൊലീസിനെ നോക്കുകുത്തിയാക്കുന്ന പ്രവണതയാണെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ വൈദീകര്‍ക്കെതിരെ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതി മാത്രമാണ് ഉള്ളത്. എന്നാല്‍, ഇതിന്മേല്‍ കേസ് അന്വേഷണം സാധ്യമല്ലെന്നാണ് പൊലീസ് മുമ്പ് നല്‍കിയിരുന്ന വിശദീകരണം. ഇരയായ സ്ത്രീ പരാതി നല്‍കിയാല്‍ കേസ് എടുത്ത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

ലൈംഗീകാരോപണത്തില്‍ പരാതി ഇല്ലെങ്കില്‍ പോലും കേസെടുക്കാമെന്ന നിയമം പൊലീസ് പാലിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതാണ് അന്വേഷണത്തിന് തടസമായത് എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍, സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, ലൈംഗിക ആരോപണ വിവാദത്തില്‍ പരാതി സഭാ നേതൃത്വം സ്ഥിരീകരിച്ചിരുന്നു. അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവായിരുന്നു സഭാ നേൃത്വത്തിന് പരാതി നല്‍കിയത്. സംഭവം വിവാദമായെങ്കിലും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടാവാത്തതില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതിനിടെയാണ് പാരാതി ലഭിച്ചതായി സഭാ നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കിയത്.

വിവാദവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭാദ്രാസനത്തിലെ മൂന്ന് വൈദികര്‍, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ എന്നിവരെ കഴിഞ്ഞ ദിവസം താത്കാലികമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് പരാതി ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ആരോപണത്തില്‍ അന്വേഷണം നടക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും നിരപാരാധികളെ ശിക്ഷിക്കില്ലെന്നും സഭ നേതൃത്വം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിനിടയാക്കിയ സംഭവത്തില്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. ആരോപണ വിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിശ്വാസികള്‍ക്കിടല്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് പരാതി സ്ഥിരീകരിച്ചതായി സഭാ നേതൃത്വം വ്യക്തമാക്കിയത്.

മൂല്യബോധത്തില്‍ അടിയുറിച്ച് കൂടുതല്‍ ദൈവാശ്രയത്തോടെ പ്രവര്‍ത്തിക്കാന്‍ വൈദികര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. താത്കാലികമായി പുറത്താക്കപ്പെട്ട വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുമെന്നും, അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചതായും സഭാ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment