കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തതോടെ നാല് നടിമാര്‍ അമ്മയില്‍ നിന്ന് കൂട്ട രാജി സമര്‍പ്പിക്കുകയും ചെയ്തു.
നാല് നടിമാരുടെ അമ്മയില്‍ നിന്നുള്ള കൂട്ടരാജി സംബന്ധിച്ചുള്ള ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. മഹേഷ്, സജി നന്ത്യാട്ട്, ശാന്തിവിള ദിനേശ് തുടങ്ങിയ മനഷ്യ വിരുദ്ധ മരത്തലകളോടാകും തര്‍ക്കിക്കേണ്ടി വരുക എന്നറിയാവുന്നതുകൊണ്ട് ചര്‍ച്ചയ്ക്ക് വിളിച്ച ചാനലുകളോട് വയ്യ എന്ന് തീര്‍ത്തു പറയുകയായിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മഹേഷ്, സജി നന്ത്യാട്ട്, ശാന്തിവിള ദിനേശ് തുടങ്ങിയ മനുഷ്യ വിരുദ്ധ മരത്തലകളോടാകും തര്‍ക്കിക്കേണ്ടി വരുക എന്നറിയാവുന്നതുകൊണ്ട് സായാഹ്ന ചര്‍ച്ചക്ക് വിളിച്ച ചാനലുകളോട് വയ്യ എന്നു തീര്‍ത്തു പറയുകയായിരുന്നു. പ്രബലര്‍ക്കു വേണ്ടി സംസാരിക്കാന്‍ തലക്കു ലേശമെങ്കിലും വെളിവുള്ള ഒരാളെ പോലും കിട്ടുന്നില്ലെന്നത് ആ സംഘടനയുടെ പാപ്പരത്തം വിളിച്ചു പറയുന്നുണ്ട്.
അപ്പോഴും ഇപ്പുറത്ത് ആത്മവിശ്വാസത്തോടെ, സമചിത്തത കൈവിടാതെ, അധിക്ഷേപ വാക്കുകള്‍ പറയാതെ, മിതമായും ശക്തമായും വാക്കുകളുപയോഗിക്കാനറിയുന്ന അഡ്വ.ആശാ ഉണ്ണിത്താന്‍, അഡ്വ. മിനി, നടി രഞ്ജിനി ഈ രംഗത്തെ അസുഖകരമായ അവസ്ഥകള്‍ നേരിട്ടറിയാമായിരുന്നിട്ടും യുക്തിപൂര്‍വ്വം മാത്രം സംസാരിക്കുന്ന സജിത മഗ്‌നത്തില്‍, ദീദി, ഷാഹിന.. . ഈ സ്ത്രീകളെ കേള്‍ക്കാന്‍ മാത്രമാണ് ടി വിക്കു മുന്നിലിരിക്കുന്നത്.
ബുദ്ധിയും ചിന്താശക്തിയുമുള്ള സ്ത്രീകളോട് സംസാരിക്കാന്‍ അത്രയെങ്കിലും തലപ്പൊക്കമുള്ളവരെ പറഞ്ഞയക്കാന്‍ അമ്മക്ക് കഴിയേണ്ടതാണ്.. അതേപോലെ തന്നെ, അപ്പുറത്താരാണ് ചര്‍ച്ചക്കു വരുന്നത് എന്നന്വേഷിച്ച് ഉറപ്പു വരുത്താതെ ജീര്‍ണ്ണബുദ്ധികളോട് തര്‍ക്കിച്ച് നിങ്ങളുടെ വിലയേറിയ വാക്കുകളെ വ്യയം ചെയ്യരുതെന്ന് പ്രിയ കൂട്ടുകാരികളോട് അപേക്ഷിക്കുകയാണ്.
Leave a Comment