അമ്മയില്‍ നിന്ന് തന്നെ പുറത്താക്കിയതിനെക്കുറിച്ച് ദിലീപ് പ്രതികരിക്കുന്നു; ആക്രമിക്കപ്പെട്ട നടിയുടെ അവസരം നഷ്ടപ്പെടുത്തിയിട്ടില്ലെന്നും താരം

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ അവസരം താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് നടന്‍ ദിലീപ്. താന്‍ അവസരം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞുള്ള നടിയുടെ പരാതി സംഘടനയ്ക്ക് ലഭിച്ചിരുന്നെങ്കില്‍ തന്നോട് അവര്‍ വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞു.

തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തിരിച്ചെടുത്തതിനും രേഖയില്ല. മാധ്യമങ്ങളില്‍ കൂടിയാണ് തിരിച്ചെടുത്ത കാര്യം അറിഞ്ഞത്. തനിക്ക് പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദീലീപ് പറയുന്നു. ദിലീപിനെതിരെ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ദിലീപിനോട് വിശദീകരണം ചോദിക്കാന്‍ പറ്റില്ലെന്നുമാണ് താരസംഘടന പറയുന്നത്.

ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് സംഘടനയ്ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുത്തില്ലെന്നായിരുന്നു നടിയുടെ പരാതി. അതുകൊണ്ട് തന്നെ ഇനി സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ‘അമ്മ’യില്‍ നിന്നും രാജിവെക്കുകയാണെന്നും നടി പ്രഖ്യാപിച്ചിരുന്നു.

നടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘അമ്മ’യുടെ നടപടി അനുചിതമല്ലെന്നും ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കുകയാണ് സംഘടന ചെയ്തതെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

‘അമ്മ’യ്ക്ക് ഇനി ആ പേര് യോജിക്കില്ലെന്നും ഇരയായ നടിക്കൊപ്പമല്ല സംഘടനയെന്നും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ‘അമ്മ’യിലെ അംഗങ്ങളായ ഇടത് എം.എല്‍.എമാര്‍ക്കെതിരെയും വനിത കമ്മിഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇടത് എം.എല്‍.എമാര്‍ വിമര്‍ശനത്തിന് ഇടവരുത്തരുതായിരുന്നെന്നും ജോസഫൈന്‍ പറഞ്ഞു.

സംഘടനയില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നാലുനടിമാര്‍ രാജിവച്ചത്. ആക്രമിക്കപ്പെട്ട നടി, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്.

pathram desk 1:
Related Post
Leave a Comment