പോലീസുകാരെ നല്ല നടപ്പ് പഠിപ്പിക്കാന്‍ ബെഹ്‌റയുടെ പരിശീലന പരിപാടി; ക്ലാസെടുത്തത് മുന്‍ ഡി.ജി.പിമാര്‍

തിരുവനന്തപുരം: കേരള പൊലീസിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പൊലീസുകാരെ നല്ല നടപ്പും പെരുമാറ്റവും പഠിപ്പിക്കാന്‍ പരിശീലന പരിപാടിയുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പോലീസുകാരെ കുറിച്ച് പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ലോക്‌നാഥ് ബെഹ്‌റ മുന്‍ ഡി.ജി.പിമാരെക്കൊണ്ട് പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റെയ്ഞ്ചിലെ എസ്.ഐമാര്‍ക്കും സി.ഐമാര്‍ക്കും മുന്‍ ഡി.ജി.പി കെ.ജെ. ജോസഫ് ക്ലാസെടുത്തു.

മറ്റ് റെയ്ഞ്ചുകളിലും ഇത്തരത്തിലുള്ള പരിശീലന ക്ലാസുകള്‍ ആരംഭിക്കും. മുന്‍ പൊലീസ് മേധാവിമാരുടെ അനുഭവങ്ങളും നേതൃപാടവവും പൊലീസ് സേനാംഗങ്ങള്‍ക്ക് പകര്‍ന്നുനല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ പൊലീസുകാരുടെ പ്രവര്‍ത്തനവും പെരുമാറ്റവും സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നുവന്നത്. വരാപ്പുഴയിലെ കസ്റ്റഡി മരണം, കോട്ടയത്തെ കെവിന്റെ മരണം, വിദേശവനിതയുടെ കൊലപാതകം ഉള്‍പ്പെടെ നിരവധി സംഭവങ്ങളില്‍ പൊലീസ് പ്രതിക്കൂട്ടിലായി. അതിന് പുറമെ പലയിടങ്ങിലും പൊലീസിന്റെ മോശം പെരുമാറ്റത്തിനും മര്‍ദനത്തിനും നിരവധിപേര്‍ വിധേയരായ സംഭവങ്ങളുമുണ്ടായി. ആ സാഹചര്യത്തില്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കിയിരുന്നു.

ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മുന്‍ ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. പൊലീസുകാരുടെ പെരുമാറ്റമാണ് പ്രശ്നങ്ങളുടെ പ്രധാന കാരണമായി മുന്‍ ഡി.ജി.പിമാര്‍ ചൂണ്ടിക്കാട്ടിയത്. പരിശീലനം ഉള്‍പ്പെടെ കാര്യങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നും നിരന്തരമായ പരിശീലനം ലഭ്യമാക്കണമെന്ന നിര്‍ദേശവും മുന്‍ ഡി.ജി.പിമാര്‍ മുന്നോട്ടുവെച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വാഹന പരിശോധന ഉള്‍പ്പെടെ കാര്യങ്ങളില്‍ കാണിക്കേണ്ട മാന്യമായ പെരുമാറ്റം സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിരവധി സര്‍ക്കുലറുകള്‍ പുറത്തിറക്കുകയും ചെയ്തു. എന്നാല്‍, ഉന്നത പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ചാണ് ഇപ്പോള്‍ പുതിയ വിവാദം. ആ സാഹചര്യത്തില്‍ എസ്.ഐമാര്‍ക്കും സി.ഐമാര്‍ക്കും മാത്രമല്ല ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്ല പെരുമാറ്റത്തിന് ക്ലാസെടുക്കണമെന്ന ആവശ്യം സേനയില്‍ ഉയര്‍ന്നിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment