ഗണേഷ് കുമാറിന് രക്ഷാവലയം തീര്‍ത്ത് എന്‍എസ്എസ്,യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; പരസ്യമായി മാപ്പ് പറയണമെന്ന് പരാതിക്കാരന്‍

കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. ബാലകൃഷ്ണപിള്ളയും എന്‍എസ്എസ് നേതാക്കളുമാണ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്. ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പരാതി പിന്‍വലിക്കുമെന്ന് അനന്തകൃഷ്ണന്റെ അച്ഛന്‍ വ്യക്തമാക്കി.

അനന്തകൃഷ്ണന്റെ അമ്മയുടെ മൊഴി എതിരായതിനാല്‍ അറസ്റ്റുണ്ടായേക്കുമെന്ന് ഉറപ്പായതോടെയാണ് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്‍എസ്എസിനെ മുന്‍നിര്‍ത്തി ആരംഭിച്ചത്. കോടതിയില്‍ മൊഴി നല്‍കുന്നതിന് മുമ്പ് കേസ് ഒത്തുതീര്‍ക്കാനാണ് ശ്രമം.വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഗണേഷ് കുമാര്‍ അനന്തകൃഷ്ണനെ മര്‍ദ്ദിച്ചത്.

യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം ആളുകൂടിയപ്പോള്‍ ഗണേഷ് കുമാറും ഡ്രൈവറും സ്ഥലം വിട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എംഎല്‍എ മര്‍ദ്ദിച്ചതായുള്ള അനന്തകൃഷ്ണന്റെ പരാതിക്ക് മുക്കാല്‍ മണിക്കൂര്‍ മുമ്പ് പൊലീസ് ഗണേഷ് കുമാറിന്റെ പരാതിയില്‍ കേസെടുത്തതും വിവാദമായിരുന്നു.

കേസില്‍ ആരോപണ വിധേയനായ അഞ്ചല്‍ സിഐയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. അക്രമത്തിന് ദൃക്സാക്ഷിയായിരുന്നിട്ടും യുവാവിന് നീതി ഉറപ്പിക്കാന്‍ സിഐ തയ്യാറായില്ലെന്നും എംഎല്‍എയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.അനന്തകൃഷ്ണന്റെ അമ്മ ഷീന കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് സിഐ സംഭവത്തിന് സാക്ഷിയായിരുന്നു എന്ന് വെളിപ്പെടുത്തല്‍ ഉണ്ടായത്.

pathram desk 2:
Related Post
Leave a Comment