ഗവാസ്‌കറെ കുടുക്കാന്‍ വീണ്ടും ഞെട്ടിക്കുന്ന നീക്കങ്ങള്‍; ഗവാസ്‌കര്‍ വനിതാ പോലീസിനെ പീഡിപ്പിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢാലോചന; ശ്രമം പൊളിഞ്ഞത് ഉന്നത പോലീസ് ഇടപെടലില്‍

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാന്‍ ഗൂഢാലോചന നടന്നതായി അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. അപകടം മണത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈ നീക്കം തടയുകയായിരുന്നു.

ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ചു പോലീസ് ഉദ്യോഗസ്ഥയെക്കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ നീക്കമാണു പൊളിഞ്ഞത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ വ്യാജപരാതി നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥ തയാറായില്ല.

പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണു ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റതെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുള്ളതായി തുടക്കത്തിലേ അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഗവാസ്‌കര്‍ക്കെതിരായ പരാതി വ്യാജമാണെന്നു കണ്ടെത്തിയതോടെ എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെ മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും. ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. ഇതോടെ എ.ഡി.ജി.പിയുടെ മകള്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടാന്‍ ശ്രമമാരംഭിച്ചു.

എ.ഡി.ജി.പിയുടെ മകള്‍ വനിതാ സി.ഐക്കു നല്‍കിയ മൊഴിയും ആശുപത്രിയിലെ ചികിത്സാരേഖയും പൊരുത്തപ്പെടുന്നതല്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഗവാസ്‌കര്‍ മോശമായി പെരുമാറിയെന്നും ഔദ്യോഗികവാഹനം തന്റെ കാലിലൂടെ കയറ്റിയിറക്കിയെന്നുമാണു സി.ഐക്കു നല്‍കിയ മൊഴി. എന്നാല്‍ കാലിലെ പരുക്ക് ഓട്ടോറിക്ഷ ഇടിച്ചതു മൂലമാണെന്നാണ് ആശുപത്രിരേഖ. ഗവാസ്‌കര്‍ അശ്രദ്ധമായി വാഹനമോടിച്ചതിനേത്തുടര്‍ന്നാണു മകള്‍ക്കു പരുക്കേറ്റതെന്നു കാട്ടി ഡി.ജി.പിക്കു സുദേഷ്‌കുമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മകളുടെ പരാതിയില്‍ ഈ ആരോപണമില്ല. ഈ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കും.

pathram desk 1:
Related Post
Leave a Comment