താന്‍ ആദ്യമായി പാടിയ പാട്ട് സിനിമയിലെത്തിയപ്പോള്‍ യേശുദാസിന്റേതായെന്ന് എംജി ശ്രീകുമാര്‍

കൊച്ചി: സിനിമയില്‍ ആദ്യമായി പാടിയ പാട്ട് പുറത്തിറങ്ങിയപ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍ കേള്‍ക്കേണ്ടി വന്ന സങ്കടം തുറന്നുപറഞ്ഞിരിക്കുകയാണ് ഗായകന്‍ എംജി ശ്രീകുമാര്‍. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനായി സത്യന്‍ അന്തിക്കാട് രചിച്ച ‘പ്രണയവസന്തം തളിരണിയാനായി’ എന്ന ഗാനമാണ് താന്‍ ആദ്യമായി ആലപിച്ചതെന്നും എന്നാല്‍ സിനിമയിറങ്ങിയപ്പോള്‍ ആ പാട്ടു പാടിയിരിക്കുന്നത് യേശുദാസായി മാറിയതാണ് താന്‍ കണ്ടെതെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

മധു നിര്‍മിച്ച് പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത് തന്റെ സഹോദരന്‍ എം.ജി. രാധാകൃഷ്ണനായിരുന്നെന്നും ഗാനം യേശുദാസിനെകൊണ്ട് ആലപിപ്പിച്ച വിവരം അദ്ദേഹംപോലും അറിഞ്ഞിരുന്നില്ലെന്നും എംജി ശ്രീകുമാര്‍ പറയുന്നു. ചിത്രയ്ക്കൊപ്പം താന്‍ ആലപിച്ച ഗാനത്തിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്നും മദ്രാസിലെത്തിയപ്പോള്‍ ആരോ ഈ ഗാനം യേശുദാസിനെകൊണ്ട് മാറ്റി പാടിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

സിനിമാഗാനങ്ങളുടെ പുസ്തകങ്ങള്‍ക്ക് വലിയ പ്രിയമായിരുന്ന അക്കാലത്ത് സ്ഥിരമായി ഈ പുസ്തകങ്ങളില്‍ വന്നുകണ്ടിരുന്ന യേശുദാസ്, ജാനകി, ജയചന്ദ്രന്‍ എന്നീ പേരുകള്‍ക്കൊപ്പം ഈ ഗാനത്തോടെ തന്റെ പേരും കാണാനാകുമെന്ന സന്തോഷത്തിലായിരുന്ന തനിക്ക് വേദനയാണുണ്ടായതെന്ന് അദ്ദേഹം പറയുന്നു. ആയിരം യേശുദാസിന്റെ ഇടയില്‍ ഇനിയൊരു എം.ജി. ശ്രീകുമാറിനെ കാണാമെന്ന് കൂട്ടുകൊരോടെല്ലാം പറഞ്ഞ താന്‍ സിനിമയിറങ്ങിയപ്പോഴും പാട്ടുപുസ്തകം പുറത്തുവന്നപ്പോഴും യേശുദാസിന്റെ പേരാണ് കണ്ടത്. അങ്ങനെ പാട്ടു പുസ്തകത്തിലെ പേരെന്ന സ്വപ്നം തകര്‍ന്നു, റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എംജീ ശ്രീകുമാര്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment