ജെസ്‌നയെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് സര്‍ക്കാര്‍; കാട്ടിലും കടലിലും അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് കോടതി

കൊച്ചി: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന മരിയ ജയിംസിനെ വീട്ടില്‍ നിന്ന് ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃതമായ സൂചനയുണ്ടോയെന്ന ചോദ്യത്തിന് അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. കാട്ടിലും കടലിലും മറ്റും അന്വേഷിച്ച് നടന്നാല്‍ പോരാ. അന്വേഷണം കൃതമായ സൂചനകളിലേക്ക് നീങ്ങണമെന്ന് കോടതി സര്‍ക്കാരിനോട് പറഞ്ഞു.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജെസ്നയുടെ സഹോദരന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ജെസ്നയുടെ അച്ഛന്റെ സ്ഥാപനം നിര്‍മ്മിക്കുന്ന വീട്ടില്‍ പൊലീസ് ദൃശ്യം മോഡല്‍ പരിശോധന നടത്തും. മുണ്ടക്കയത്ത് ജെസ്നയുടെ പിതാവിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന വീട്ടിലാണ് പരിശോധന നടത്തുക. കുഴിച്ചു നോക്കാതെ ഡിറ്റക്ടര്‍ ഉപയോഗിച്ചായിരിക്കും പരിശോധന. നേരത്തെ മുക്കൂട്ടുതറയിലും വീട് പരിശോധിച്ചിരുന്നു.

ജെസ്നയുടെ ഫോണ്‍വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. പഴയ മെസേജുകളും ഫോണ്‍കോളുകളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ജെസ്നയ്ക്ക് വന്ന സന്ദേശങ്ങളും ഇതിലുണ്ട്. ഇതിനായി സൈബര്‍ ഡോം അടക്കമുള്ള സാങ്കേതിക വിദഗ്ദരുടെ സഹായം തേടി. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

ജെസ്ന അവസാനമായി മൊബൈല്‍ സന്ദേശമയച്ചത് ആണ്‍സുഹൃത്തിനാണെന്നു തെളിഞ്ഞിട്ടുണ്ട്. ജെസ്നയുടെ വീട്ടില്‍നിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതിന്മേലും അന്വേഷണം നടത്തുമെന്നു പത്തനംതിട്ട എസ്പി ടി. നാരായണന്‍ പറഞ്ഞു. സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാക്കുന്നത്.

ജെസ്നയുടെ വീടിനു സമീപമാണ് ആണ്‍സുഹൃത്തു താമസിക്കുന്നത്. ഇരുവരും സഹപാഠികളുമാണ്. ആയിരത്തിലേറെ തവണ ഇരുവരും സംസാരിച്ചിരുന്നതായാണു വിവരം. ‘അയാം ഗോയിങ് ടു ഡൈ’ എന്ന തന്റെ അവസാന സന്ദേശം ജെസ്ന അയച്ചതും ആണ്‍സുഹൃത്തിനാണെന്നു കണ്ടെത്തിയിട്ടുണ്ട്.എല്ലാ സാധ്യതകളും പരിശോധിച്ചായിരിക്കും അന്വേഷണമെന്നു സംഘത്തലവനായ എസ്പി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment