ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയാലും രാജ്യത്ത് ഇന്ധന വിലയില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടിക്കൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുന്ന നികുതി ഘടനയെക്കുറിച്ചാണ് ആലോചനകള്‍ നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനമായിരിക്കും പെട്രോളിന്റെയും ഡീസലിന്റെയും നികുതി നിരക്ക്. ഇതിനൊപ്പം സംസ്ഥാന നികുതികള്‍ ഈടാക്കാന്‍ അനുവദിക്കുന്ന വിധത്തിലാവും പുതിയ നികുതി ഘടനയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഒരിടത്തും ശുദ്ധമായ ജിഎസ്ടിയല്ല പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. ഇന്ത്യയിലും ഇതു തന്നെയായിരിക്കും നടപ്പാക്കുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഫോസില്‍ ഇന്ധനങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് രാഷ്ട്രീയമായ തീരുമാനമുണ്ടാവേണ്ടതുണ്ട്. ഇരുപതിനായിരം കോടി രൂപ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റിവയ്ക്കണം. അതു സാധ്യമാവാത്ത സാഹചര്യത്തിലാണ് പുതിയ ഫോര്‍മുല പരിഗണിക്കുന്നത്.
നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന എക്സൈസ് തീരുവ. ഡീസല്‍ ലിറ്ററിന് 15.33 രൂപയാ ണ് തീരുവ. ഇതിനു പുറമേയാണ് സംസ്ഥാന നികുതികള്‍. പല സംസ്ഥാനങ്ങളും പല നിരക്കിലാണ് പെട്രോള്‍, ഡീസല്‍ നികുതി ഈടാക്കുന്നത്. ആന്‍ഡമാന്‍ ദ്വീപില്‍ ആറു ശതമാനമാണ് വില്‍പ്പന നികുതി, മഹാരാഷ്ട്രയില്‍ ഇത് 39.12 ശതമാനമാണ്. 45-50 ശതമാനമാണ് പെട്രോളിന് മൊത്തത്തില്‍ ചുമത്തപ്പെടുന്ന നികുതി.
അഞ്ച്, 12, 18, 28 എന്നിങ്ങനെയാണ് നിലവില്‍ വിവിധ ഉത്പന്നങ്ങള്‍ക്കു നിശ്ചയിച്ചിട്ടുള്ള ജിഎസ്ടി സ്ലാബുകള്‍. പെട്രോളിനും ഡീസലിനും ഇപ്പോള്‍ ചുമത്തുന്നത് ജിഎസ്ടിയിലെ പരമാവധി ഉയര്‍ന്ന സ്ലാബിനും മുകളില്‍ നികുതിയാണ്. ഇന്ധനങ്ങള്‍ക്ക് 28 ശതമാനം നികുതി നിശ്ചയിച്ചാല്‍ പോലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ വലിയ ഇടിവാണ് സംഭവിക്കുക. ഈ സാഹചര്യത്തിലാണ് ജിഎസ്ടിയിലെ പരമാവധി നിരക്കിനൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുക എന്ന ഫോര്‍മുലയിലേക്ക് എത്തിയതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
Leave a Comment