ജസ്നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു,അന്വേഷണം ആണ്‍ സുഹൃത്തിലേക്ക്; ഒരു സാധ്യതയും തള്ളിക്കളയാനാവില്ലെന്നും പൊലീസ്

കോട്ടയം: മുക്കൂട്ടുതറ സ്വദേശി ജസ്ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക് നീളുന്നു. ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്നയെ വിളിച്ചിരുന്നതായും ജസ്ന അവസാനം സന്ദേശം അയച്ചത് ഇയാള്‍ക്കായിരുന്നുവെന്നും പൊലീസ്. ജസ്നയുടെ വീട്ടില്‍ നിന്നും രക്തംപുരണ്ട വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു സാധ്യതയും തള്ളിക്കളയാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിവര ശേഖരണപ്പെട്ടികളില്‍ നിന്നും ലഭിച്ച സൂചനകള്‍ വഴിയും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി

അതിനിടെ ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ജസ്നയുടെ സുഹൃത്തിന് പലതും അറിയാമെന്ന് പൊലീസ് വിലയിരുത്തുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനോട് ഇയാള്‍ ഇതുവരേക്കും സഹകരിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. അന്വേഷണ സംഘം നിരവധി തവണ ചോദ്യം ചെയ്തുവെങ്കിലും ഒരു വിവരങ്ങളും ലഭിച്ചിരുന്നില്ല.
പെണ്‍കുട്ടി എവിടെപ്പോയെന്ന് അറിയില്ലെന്നാണ് ആവര്‍ത്തിച്ചുള്ള മറുപടി.

ജസ്നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നതായും പൊലീസ് സൂചന നല്‍കി. മുക്കൂട്ടുതറയില്‍ നിന്ന് കുറച്ചു സമയം യാത്ര ചെയ്താല്‍ പരുന്തുംപാറയിലെത്താം. യുവാവുമായി മുമ്പും ജെസ്ന ഇവിടെ പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംശയങ്ങള്‍ ബലപ്പെടുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിന് നുണപരിശോധന നടത്താന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം നുണപരിശോധന നടത്തുന്നതിന് ,വിധേയനാക്കപ്പെടുന്ന വ്യക്തിയുടെ സമ്മതം ആവശ്യമാണ്. വിസമ്മതം പ്രകടിപ്പിക്കുന്ന പക്ഷം ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

pathram desk 2:
Related Post
Leave a Comment