ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു..?അഞ്ചുവര്‍ഷംകൊണ്ട്‌ എണ്ണത്തില്‍ വന്‍ കുറവ്

കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍കുറവ് ഉണ്ടായതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പുതിയ കണക്കുപ്രകാരം 2,73,676 തൊഴിലാളികളാണ് കേരളത്തിലുള്ളത്. എന്നാല്‍ അസംഘടിത ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് കൃത്യമല്ലാത്തതിനാല്‍ ഇവര്‍ എത്രയുണ്ടെന്ന വിവരമില്ല.

നോട്ട് അസാധുവാക്കല്‍ നടപ്പായതുമുതലാണ് പ്രധാനമായും തൊഴിലാളികളുടെ എണ്ണം കുറഞ്ഞുതുടങ്ങിയത്. ജി.എസ്.ടി. നിലവില്‍ വന്നതോടെ തൊഴില്‍മേഖലകളിലുണ്ടായ അരക്ഷിതാവസ്ഥയും പ്രതിസന്ധിക്കു കാരണമായി. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരേ നടക്കുന്ന കുപ്രചാരണങ്ങളും കാരണമായതായി ഏജന്റുമാര്‍ പറയുന്നു. സ്വന്തം സംസ്ഥാനത്തും കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലും തൊഴില്‍സാധ്യത വര്‍ധിച്ചുവരുന്നതും ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കിന് കാരണമായി.

2013ല്‍ സംസ്ഥാന തൊഴില്‍വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തിയ പഠനപ്രകാരം സംസ്ഥാനത്ത് 25 ലക്ഷം തൊഴിലാളികളുണ്ടെന്നായിരുന്നു വിവരം. ഓരോവര്‍ഷവും വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 2.5 ലക്ഷം തൊഴിലാളികള്‍ കേരളത്തിലേക്ക് കുടിയേറുന്നതായും കണക്കുകള്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ് -54,285 പേര്‍. ഏറ്റവും കുറവ് വയനാട് ജില്ലയിലും – 6717. അതേസമയം അസംഘടിത മേഖലയില്‍ തൊഴില്‍ചെയ്യുന്നവരുടെ കണക്കെടുത്താല്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും തൊഴില്‍വകുപ്പ് പറയുന്നു.

എന്നാല്‍ 2017 നവംബര്‍ മുതല്‍ തൊഴില്‍വകുപ്പ് എടുത്ത കണക്കുപ്രകാരമാണ് തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുവന്നതായി കാണുന്നത്.

ഈ കണക്കുപ്രകാരം ജില്ല തിരിച്ചുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇങ്ങനെ…. തിരുവനന്തപുരം -26,213, കൊല്ലം -15,487, പത്തനംതിട്ട – 14,331, ആലപ്പുഴ – 20,158, കോട്ടയം- 13,702, ഇടുക്കി -11,089, എറണാകുളം -54,285, തൃശ്ശൂര്‍ – 25,475, പാലക്കാട് -14,177, മലപ്പുറം -17,810, കോഴിക്കോട് – 28,749, വയനാട് -6717, കണ്ണൂര്‍ -17,712, കാസര്‍കോട് -7771.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment