സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ലോകകപ്പില്‍ നിര്‍ണ്ണായക മത്സരമായിരുന്നു സ്പെയിനും-പോര്‍ച്ചുഗലും തമ്മില്‍ നടന്നത്. ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്പെയിനും തമ്മിലായിരുന്നു പോരാട്ടം. റാമോസും ഇനിയേസ്റ്റയും കോസ്റ്റെയും നേരിടാന്‍ റൊണാള്‍ഡോ എന്ന മാന്ത്രികന്‍ മാത്രമായ അവസ്ഥ. പക്ഷെ ആ ഒറ്റയാന്‍ തന്നെ പോരാട്ടത്തിന്റെ ആദ്യ നാലാം മിനിറ്റില്‍ വല കുലുക്കി. പെനാല്‍റ്റി ഗോളാക്കിയാണ് ലോകകപ്പിലെ വരവ് അറിയിച്ചത്.
സ്പെയിനിനെതിരെ ആദ്യ ഗോള്‍ നേടിയതോടെ നാലു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമായി പോര്‍ച്ചുഗലിന്റെ നായകന്‍. തന്റെ ആദ്യ ഗോള്‍ ആഘോഷത്തിനിടെ വിചിത്ര ആക്ഷനും കാണിച്ച് താരം ആരാധകരെ ത്രസിപ്പിച്ചു. അതെ ഈ ഞാന്‍ തന്നെയാണ് ‘ഗോട്ട്’.. ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം എന്ന സന്ദേശമാണ് ഗോള്‍ ആഘോഷത്തിനിടെ താരം ലോകത്തോടു പങ്കുവെച്ചത്.
ലോകകപ്പ് കിക്കോഫിനു മുമ്പ് അഡിഡാസിന്റെ പരസ്യത്തില്‍ അര്‍ജന്റീന താരം ലിയോണല്‍ മെസിയാണ് ഗോട്ട് എന്ന പേരിനര്‍ഹന്‍ എന്നു സ്ഥാപിക്കപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇന്നലത്തെ റോണോയുടെ ഗോള്‍ ആഘോഷം. ഗോള്‍ വല ചലിപ്പിച്ചതിനു ശേഷം തന്റെ കീഴ്ത്താടിയില്‍ തൊടുന്ന രീതിയിലുള്ള ആക്ഷനാണ് ക്രിസ്റ്റിയാനോ കാണിച്ചത്. പോരാട്ടത്തില്‍ റോണോയുടെ ഹാട്രിക്കില്‍ സ്പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടം 3-3 സമനിലയില്‍ അവസാനിച്ചു.
Leave a Comment