നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍; ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനും സി.ബി.ഐയ്ക്കും നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് നല്‍കി. ജൂലൈ നാലിന് നിലപാട് അറിയിക്കണമെന്നാണ് നിര്‍ദേശം.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി ആരാഞ്ഞു. കേസിന്റെ വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്റെ ശ്രമമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. ഇദ്ദേഹത്തിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഈ ആവശ്യമുന്നയിച്ച് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 18 നാണ് ദിലീപ് 12 പേജുള്ള കത്ത് അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചത്. കത്ത് കിട്ടിയതായി ആഭ്യന്തര വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. കേസ് സി.ബി.ഐക്ക് വിടാത്തപക്ഷം പുതിയ അന്വേഷണസംഘം രൂപവത്കരിക്കണമെന്നും ദീലീപ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍നിന്നും കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. 2017 ഫെബ്രുവരി 17നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

pathram desk 1:
Leave a Comment