ആരാധനയാകാം.. പക്ഷെ മിണ്ടാപ്രാണിയോട് വേണോ ഈ ക്രൂരത? ബ്രസീലിന്റെ ജേഴ്‌സി അണിയിച്ച് പട്ടിയെ വെള്ളത്തിലേക്ക് വലിച്ചെറിയുന്ന വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. മലയാളികളടക്കം ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇഷ്ട ടീമിന് കട്ട സപ്പോര്‍ട്ടുമായി പലരും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നു കഴിഞ്ഞു.

എന്നാല്‍, ഇഷ്ട ടീമിനെ പിന്തുണയ്ക്കാന്‍ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത് കുറച്ച് കടുത്ത് പോയി എന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം വ്യക്തമാക്കുന്നത്. ഇഷ്ടടീമിനെ പിന്തുണയ്ക്കാന്‍ മിണ്ടാപ്രാണിയായ ഒരു നായയെയാണ് ഇവിടെ ഇരയാക്കിയിരിക്കുന്നത്.

അര്‍ജന്റീനയുടെ ജേഴ്സിയണിഞ്ഞ ഒരാള്‍ പട്ടിയെക്കൊണ്ട് ഫുട്ബോള്‍ കളിപ്പിക്കുന്നു. അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ പേരുള്ള ജഴ്സിയാണ് ആരാധകന്റെ വേഷം. ബ്രസീലിന്റെ ജേഴ്‌സിയ്ക്ക് സമാനമായ മഞ്ഞ ജേഴ്സി ഉടുപ്പിച്ചാണ് പട്ടിയെ ഒരുക്കിയിരിക്കുന്നത്. പിന്നീട് പട്ടിയോട് ഫുട്ബോള്‍ കളിക്കാന്‍ പറയുന്നു. വാലാട്ടിക്കൊണ്ട് പട്ടി അയാള്‍ക്ക് പിന്നാലെ നടക്കുന്നു. ഇതിന്ശേഷം നിലത്തിരുന്ന് പോയ പട്ടിയെ അടുത്തുള്ള വെള്ളക്കെട്ടിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. നിനക്ക് കളിക്കാനറിയില്ല അല്ലെടാ എന്ന് ചോദിച്ചുകൊണ്ടാണ് ഇയാള്‍ ക്രൂരത കാണിക്കുന്നത്. രണ്ട് മലക്കം മറിഞ്ഞ് മിണ്ടാപ്രാണി വെള്ളത്തിലേക്ക്. കളി പഠിച്ചിട്ട് വാ… എന്നും വീഡിയോയില്‍ യുവാവ് ആക്രോശിക്കുന്നുണ്ട്.
.

നീന്തികയറിയ പട്ടി വാലാട്ടിക്കൊണ്ട് കരയത്തേക്ക് കയറിവരുന്നതോടെ വീഡിയോ അവസാനിക്കും. വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment