ലോകം കാത്തിരുന്ന ആ കൂടിക്കാഴ്ച; ട്രംപും ഉന്നും കണ്ടുമുട്ടി; ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ്, ഒട്ടേറെ തടസങ്ങള്‍ മറികടന്നാണ് ഇവിടെയെത്തിയതെന്ന് ഉന്‍

സിംഗപ്പൂര്‍: ഒടുവില്‍ ലോകം കാത്തിരുന്ന ആ കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമായി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ സാക്ഷിയായി. പരസ്പരം ചിരിച്ച് ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്തുമാണ് ഇരുവരും കണ്ടുമുട്ടിയത്. യസെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഒട്ടേറെ തടസ്സങ്ങള്‍ മറികടന്നാണ് കാര്യങ്ങള്‍ ഇവിടംവരെ എത്തിയതെന്നായിരുന്നു കിമ്മിന്റെ പ്രതികരണം.

നിശ്ചയിച്ച സമയത്തുതന്നെ ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുന്‍പായി ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇരു നേതാക്കള്‍ക്കും ഒപ്പം നാലംഗ സംഘങ്ങളുണ്ട്.

അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടാണു ചര്‍ച്ച. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ കാണുന്നത്. ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. 1950-–53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവന്‍മാരാണ് ഇന്നു മുഖാമുഖമെത്തുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണുള്ളത്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരാണ് ഉന്നിന്റെ സംഘത്തിലുള്ളത്.

ഉത്തരകൊറിയയുടെ പൂര്‍ണ ആണവനിരായുധീകരണമാണ് ലക്ഷ്യമെന്നു യുഎസ് ഇന്നലെ ആവര്‍ത്തിച്ചു. ആണവനിരായുധീകരണം യാഥാര്‍ഥ്യമാക്കാന്‍ ഉത്തരകൊറിയയ്ക്കു ‘സവിശേഷമായ’ സുരക്ഷാ ഉറപ്പുകള്‍ നല്‍കാമെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. യുഎസുമായുള്ള ബന്ധത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാനും സ്വരാജ്യത്തു സമാധാനവും പുരോഗതിയും കൈവരിക്കാനും കിം ജോങ് ഉന്നിനുള്ള അപൂര്‍വമായ അവസരമാണിത് പോംപെയോ പറഞ്ഞു.

ഉത്തരകൊറിയ അണ്വായുധം താഴെവയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.എസ്. ചര്‍ച്ചയ്ക്കിരിക്കുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടല്‍.

ഇത്തരമൊരു കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. സഹകരിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഉത്തരകൊറിയ ആണവനിരായുധീകരണം നടപ്പാക്കുന്നത് ഉത്തരകൊറിയ, യു.എസ്., ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെ ലോകരാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അപൂര്‍വം പേര്‍ക്ക് മാത്രമാണ് ഇങ്ങനെയൊരവസരം ലഭിക്കുന്നത്. അത് നന്നായി പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ഉത്തരകൊറിയയും യു.എസുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിലും തീരുമാനമുണ്ടാകും. നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ ഉത്തരകൊറിയക്കുമേല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നേക്കും. ഉത്തരകൊറിയയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചയില്‍ പരാമര്‍ശിച്ചേക്കും. ഉത്തരകൊറിയയില്‍ 1,20,000 രാഷ്ട്രീയത്തടവുകാരുണ്ടെന്നാണ് കണക്ക്.

pathram:
Leave a Comment