മരട് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ; ആര്‍.ടി.ഒ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി

കൊച്ചി: മരടില്‍ ഡേ കെയര്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിക്കാനിടയായ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്. വീതി കുറഞ്ഞ റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്. റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. കൊച്ചിയില്‍ ഈ മാസം 15 വരെ സ്‌കൂള്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കും.

അതേസമയം സംഭവത്തില്‍ ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. സംഭവത്തില്‍ പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും. ജീപ്പ് ഡ്രൈവര്‍ അനില്‍കുമാറിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു. മരട് കാട്ടിക്കുളം റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് സ്‌കൂള്‍ വാഹനം മറിഞ്ഞത്.

സമീപത്തെ വീട്ടില്‍ സ്ഥാപിച്ച് സിസിടിവി ക്യാമറയില്‍ സ്‌കൂള്‍ വാന്‍ അപകടത്തില്‍ പെടുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. 90 ഡിഗ്രി വളവുള്ള റോഡില്‍ അല്‍പ്പം വേഗതയിലെത്തിയ വാഹനം പെട്ടെന്ന് വെട്ടിച്ച് പോകുന്നത് കാണാം. ഈ ഘട്ടത്തിലാണ് മുന്‍ഭാഗത്തെ ടയര്‍ തെന്നി റോഡിന് സമാന്തരമായ കുളത്തിലേക്ക് നീങ്ങുന്നത്. വാഹനം ഓടിച്ച ഡ്രൈവര്‍ അനില്‍കുമാറിന് ലൈസന്‍സും വാഹനത്തിന് അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി പെര്‍മിറ്റുമുണ്ട്.

എന്നാല്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോര്‍ട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ ഫിറ്റ്നസ് സിറ്റിക്കര്‍ വാങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ വന്ന വീഴ്ച അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അപകടകരമായ സാഹചര്യത്തില്‍ റോഡിന് സമാന്തരമായി കുളമുണ്ടായിട്ടും അവിടെ സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാത്തത് വീഴ്ചയായി അന്വേഷണ സംഘം വിലയിരുത്തുന്നു.

അപകടത്തില്‍ പരിക്കേറ്റ അനില്‍കുമാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ അവരെയും പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ട്രാഫിക് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രാവിലെ അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുക്കും.

pathram desk 1:
Related Post
Leave a Comment