‘ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്ന് പി.ജെ കുര്യന്‍, ഉണ്ടെന്ന് ബെന്നി ബഹനാനും പി.സി വിഷ്ണുനാഥും’: കെപിസിസി യോഗത്തില്‍ വാക്കേറ്റം

തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ വീഴച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് രമേശ് ചെന്നിത്തല. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് ചെന്നിത്തലയുടെ ഏറ്റുപറച്ചില്‍. ഇനി നിര്‍ണായക തീരുമാനമെടുക്കുമ്പോള്‍ രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പി.ജെ കുര്യനും എ ഗ്രൂപ്പും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായി. രാജ്യസഭ സീറ്റ് കെ.എം മാണിക്ക് നല്‍കാന്‍ നേരത്തെ തീരുമാനമായിരുന്നുവെന്ന് പി.ജെ കുര്യന്‍ തുറന്നടിച്ചു. ചെന്നിത്തല ഇതിനെല്ലാം മൂകസാക്ഷിയായെന്നും പി.ജെ കുര്യന്‍ പറഞ്ഞു. എഐസിസി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹി ചര്‍ച്ചകളില്‍ എന്തടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതെന്നും കുര്യന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവും സംസ്ഥാന അധ്യക്ഷനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് നല്ലതാണ്, എന്നാല്‍ ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ക്ഷണിക്കുകയാണെങ്കില്‍ അതേ സ്ഥാനമുള്ള കെ.സി വേണുഗോപാലിനെ എന്തുകൊണ്ട് ക്ഷണിച്ചില്ലെന്നും കുര്യന്‍ ചോദിച്ചു.

കെ.എം മാണിക്ക് സീറ്റ് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിന് തന്റെ കയ്യില്‍ തെളിവുണ്ട്. ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഈ പരാമര്‍ശത്തിനെതിരെ എ ഗ്രൂപ്പ് അംഗങ്ങള്‍ രംഗത്തെത്തി. ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ട് എന്ന് പറഞ്ഞ് ബെന്നി ബഹനാനും പി.സി വിഷ്ണുനാഥും രംഗത്തെത്തി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പാര്‍ട്ടി കെട്ടിപ്പടുത്ത നേതാവാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ തെരുവിലിട്ട് ചെണ്ട കൊട്ടുകയാണെങ്കില്‍ ശക്തമായ പ്രത്യാഖ്യാതമുണ്ടാകുമെന്ന് എ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. രാജ്യസഭ സീറ്റ് വിഷയത്തില്‍ നേതാക്കള്‍ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി നിര്‍ദേശം നല്‍കി.

pathram desk 2:
Related Post
Leave a Comment