കൊച്ചി: കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പദം കലക്റ്റര്‍ ബ്രോ എന്നറിയപ്പെട്ട എന്‍. പ്രശാന്ത് ഒഴിയുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു എന്‍. പ്രശാന്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കണ്ണത്താനം പഴ്‌സണല്‍ മന്ത്രാലയത്തിനു കത്തെഴുതിയതായാണു വിവരം. അതിനിടെ മന്ത്രിയുമായുള്ള അകല്‍ച്ച സൂചിപ്പിച്ച് എന്‍. പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ ഇങ്ങനെയാണ് ‘ രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്, രണ്ടുനാണയങ്ങളും ഇട്ടുവച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നായണങ്ങളെ അടുത്തുകണ്ടാലേ ശരിക്കും തിരിച്ചറിയാന്‍ പറ്റൂ. സഫറോം കി സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ.’
കോഴിക്കോട് കലക്ടര്‍ എന്ന നിലയില്‍ പേരെടുത്ത പ്രശാന്ത് ചില രാഷ്ട്രീയ നേതാക്കളുമായി തെറ്റി അവധിയില്‍ കഴിയവെയാണു കേന്ദ്രമന്ത്രിയായ കണ്ണന്താനം അദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ജൂനിയര്‍ ഓഫീസറായ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതില്‍ സംസ്ഥാന ബി.ജെ.പി. നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പക്ഷേ, മികച്ച ഐ.എ.എസുകാരനെന്ന നിലയിലാണു കണ്ണന്താനം പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. ചില കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കാത്തതും പ്രശാന്ത് നടത്തിയ ഏതാനും വിദേശയാത്രകളും അദ്ദേഹത്തെ കണ്ണന്താനത്തിന്റെ കണ്ണിലെ കരടാക്കി. കണ്ണന്താനത്തിന്റെ സമ്മതമില്ലാതെ പ്രശാന്ത് വിദേശയാത്ര നടത്തിയതാണു പ്രകോപനത്തിനുകാരണം. നേരത്തെ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രശാന്ത് പ്രവര്‍ത്തിച്ചിരുന്നു. 2015 ല്‍ കോഴിക്കോട് കലക്ടറായി നിയമിതനായ അദ്ദേഹം കോഴിക്കോട് എം.പി. എം.കെ. രാഘവനുമായി ഇടഞ്ഞതു വിവാദമായിരുന്നു.
മലയാളികളുടെ കളക്ടര്‍ ബ്രോയാണ് പ്രശാന്ത്. കോഴിക്കോടിന്റെ ജനകീയ കളക്ടറായിരുന്ന പ്രശാന്തിന് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിരവധി കാലം അവധിയില്‍ പ്രവേശിക്കേണ്ടി വന്നു. പിന്നീട് അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഡല്‍ഹിക്ക് പറന്നു. പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതുന്നതിന് പലതിനും പല അര്‍ത്ഥമുണ്ടായിരുന്നു. അതില്‍ പലതും ഒളിച്ചിരിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രശാന്ത് ജൂണ്‍ നാലിന് പുറത്തുവിട്ട പുതിയ പോസ്റ്റും ചര്‍ച്ചയായത്. പിന്നാലെ ജൂണ്‍ അഞ്ചിനും കലക്റ്റര്‍ ബ്രോയുടെ പോസ്റ്റ് വന്നു. അതിന്റെ ഉത്തരമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് വിലയിരുത്തല്‍.
Leave a Comment