ഗവിയിലേക്ക് പോയ ബസ് ‘കാണാതായി’; വിവരം അറിഞ്ഞത് പിറ്റേന്ന് രാവിലെ

പത്തനംതിട്ട: ഗവിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസ് കാണാതായത് ആശങ്കയ്ക്ക് ഇടയാക്കി. പിറ്റേന്ന് രാവിലെയാണ് ബസ് കാണാതായ വിവരം അറിയുന്നത്. പത്തനംതിട്ട–-ഗവി–-കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പത്തനംതിട്ട ഡിപ്പോയിലെ കെഎസ്ആര്‍ടിസ് ബസാണ് ശനിയാഴ്ച വൈകിട്ട് തിരികെ എത്താതിരുന്നത് . റോഡിലേക്കു മരം ഒടിഞ്ഞു വീണതിനാലാണ് ബസ് വനത്തില്‍ കുടുങ്ങിയത്. കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ വനംവകുപ്പുമായി ഞായറാഴ്ച രാവിലെ ബന്ധപ്പെട്ടപ്പോഴാണ് ബസ് ഐസി ടണല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം കിടക്കുന്നതായി അറിയുന്നത്. ശനിയാഴ്ച വൈകിട്ട് ബസ് കുമളിയില്‍ നിന്നു പത്തനംതിട്ടയ്ക്കു വരുമ്പോള്‍ കൊച്ചുപമ്പയ്ക്കും ഐസി ടണല്‍ ചെക്ക് പോസ്റ്റിനുമിടെയാണ് മരം വീണത്. ബസ് കുടുങ്ങിയ സ്ഥലത്ത് മൊബൈല്‍ ഫോണിനു റേഞ്ച് ഇല്ലാതിരുന്നതിനാല്‍ ഡിപ്പോ അധികൃതരുമായി ബന്ധപ്പെടാനായില്ല.
ബസില്‍ രണ്ട് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും മറ്റു വാഹനത്തില്‍ കുമളി വഴി ശനിയാഴ്ച വൈകിട്ടു തന്നെ മടങ്ങി. റോഡില്‍ തടസങ്ങള്‍ ഏറെയായിരുന്നതിനാല്‍ രാത്രി എട്ടുമണിയോടെയാണ് മരം വീണ സ്ഥലത്ത് ബസ് എത്തിയത്. ബസ് ജീവനക്കാര്‍ ഐസി ടണല്‍ ചെക്ക് പോസ്റ്റില്‍ രാത്രി തങ്ങി. ഞായറാഴ്ച രാവിലെയാണ് ബസ് മടങ്ങി എത്തിയില്ലെന്നുള്ള വിവരം ഡിപ്പോ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് കുമളിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. ബസ് കുമളി വഴി തിരികെ വരാന്‍ പത്തനംതിട്ട ഡിപ്പോയില്‍ നിന്നു ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി. ഗവി റൂട്ടില്‍ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ രണ്ട് ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment