‘അമ്മ’യില്‍ വനിതാ പ്രാതിനിധ്യം വര്‍ധിച്ചു; ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഇത്തവണ വനിതാ പ്രാതിനിധ്യം വര്‍ദ്ധിച്ചു. വുമണ്‍ ഇന്‍ സിനിമ കലക്ടീവ് തുടങ്ങിയതിന് പിന്നാലെയാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യവും വര്‍ദ്ധിപ്പിച്ചത്. അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ഇത്തവണ നടിമാരില്‍ നാലുപേരെ ഉള്‍പ്പെടുത്തും.

ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും സ്ത്രീ അംഗങ്ങള്‍. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ശ്വേത ഇവരെക്കൂടാതെ ഇന്ദ്രന്‍സ്, ടിനി ടോം, സുധീര്‍ കരമന തുടങ്ങി പുതുമുഖങ്ങള്‍ എത്തിയേക്കും. പഴയ അംഗങ്ങളില്‍ ആസിഫ് അലി തുടരും. മോഹന്‍ലാല്‍ എതിരില്ലാതെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിച്ച ശേഷം ഏറെ വിവാദങ്ങള്‍ മലയാളസിനിമാരംഗത്ത് ഉടലെടുത്തിരുന്നു. എന്നാല്‍ വിവാദങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്ന തീരുമാനങ്ങളാകും അമ്മയുടെ ജനറല്‍ ബോഡിയില്‍ ഉണ്ടാകുക എന്നത് വ്യക്തം. സൗഹൃദാന്തരീക്ഷത്തില്‍ കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയാകും സംഘടനയില്‍ ഉണ്ടാകുകയെന്ന് അമ്മയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

അമ്മ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കാനില്ലെന്നാണ് അമ്മയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നോമിനേഷന്‍ കൊടുക്കേണ്ട അവസാന തിയതി വെള്ളിയാഴ്ച്ച അവസാനിച്ചിരുന്നു.

കെ.ബി ഗണേശ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കുമെന്നും സൂചനയുണ്ട്. ഇവര്‍ രണ്ടു പേരും രണ്ടുപാര്‍ട്ടിയിലുള്ള എംഎല്‍എമാരാണെന്നത് ശ്രദ്ധേയം. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കും. ദിലീപിനു വേണ്ടി ഒഴിഞ്ഞു കൊടുത്ത ട്രെഷറര്‍ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്താനും സാധ്യതയുണ്ട്.

pathram desk 1:
Related Post
Leave a Comment