അപ്പന് പ്രായമായെന്ന് കരുതി ഉപേക്ഷിക്കാന്‍ കഴിയുമോ, കോണ്‍ഗ്രസിലെ യുവനേതാക്കള്‍ സഖാക്കളാണെന്ന പരിഹാസവുമായി എല്‍ദോസ് കുന്നപ്പള്ളി

കൊച്ചി: കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുനല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം അഴിച്ചുവിട്ട യുവ എംഎല്‍എമാരെ പരിഹസിച്ച് എല്‍ദോസ് കുന്നപ്പളളി എംഎല്‍എ. നേതൃത്വത്തെ വിമര്‍ശിക്കുന്ന യുവനേതാക്കളെ ‘സഖാക്കള്‍’ എന്ന് വിശേഷിപ്പിച്ചായിരുന്നു എല്‍ദോസ് കുന്നപ്പളളിയുടെ പരിഹാസം. ചില സഖാക്കള്‍ നവമാധ്യമങ്ങളിലുടെ എഴുതി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അപ്പന് പ്രായമായെന്ന് കരുതി ഉപേക്ഷിക്കാന്‍ കഴിയുമോയെന്നും എല്‍ദോസ് കുന്നപ്പളളി ചോദിക്കുന്നു.

കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടു നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത കോലാഹാലം രൂക്ഷമായി തുടരുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരന്‍, പി ജെ കുര്യന്‍ എന്നിവര്‍ക്ക് പുറമേ യുവ എംഎല്‍എമാരും നേതൃത്വത്തെ വിമര്‍ശിച്ച് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. നേതൃത്വം പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തുന്ന ഇവര്‍ ഉടന്‍ നേതൃമാറ്റവും ആവശ്യപ്പെടുന്നു. കഴിവുകെട്ട നേതൃത്വവും ഉപദേശികളും മാറണമെന്ന് അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ പിന്തുണച്ച് എല്‍ദോസ് കുന്നപ്പളളി രംഗത്തുവന്നത്. യുവത്വം പ്രായത്തില്‍ അല്ല, മനസിലാണെന്നും എല്‍ദോസ് കുന്നപ്പളളി ഓര്‍മ്മിപ്പിച്ചു.

pathram desk 2:
Leave a Comment