പ്രവര്‍ത്തകര്‍ കലാപം അവസാനിപ്പിക്കണം,ആഹ്വാനവുമായി കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍

തിരുവനന്തപുരം: മുന്നണി താത്പര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍ ആവര്‍ത്തിച്ചു. ഇത് മനസിലാക്കി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കെതിരായ കലാപം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ്-രണ്ട്, കേരള കോണ്‍ഗ്രസ്-എം- ഒന്ന്, ആര്‍എസ്പി-ഒന്ന് എന്ന നിലയില്‍ തന്നെയാവും സീറ്റ് വിഭജനം നടത്തുക. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കോണ്‍ഗ്രസ് തന്നെ വഹിക്കുമെന്നും ലീഗ് ഈ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും ഹസന്‍ പറഞ്ഞു.

വയനാട് സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, നിങ്ങളോട് ആവശ്യപ്പെട്ടു കാണും, ഞങ്ങളോട് ചോദിച്ചിട്ടില്ല എന്നാണ് ഹസന്‍ മറുപടി നല്‍കിയത്. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിനെതിരേ യുവനേതാക്കള്‍ ഫേസ്ബുക്കില്‍ നടത്തിയ വിമര്‍ശനം ശ്രദ്ധയില്‍പെട്ടില്ലേ എന്ന ചോദ്യത്തിന്, പത്രം വായിക്കാനും വാര്‍ത്ത കാണാനും നേരമില്ല, പിന്നല്ലേ ഫേസ്ബുക്ക് എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്ലാവരും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ഹസ്സന്‍, വിപ്പ് നല്‍കി കഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും മാറ്റി ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചു. അങ്ങനെ സംഭവിച്ചാല്‍ എന്താകും എംഎല്‍എമാരുടെ സ്ഥിതിയെന്ന് എല്ലാവര്‍ക്കും അറിവുള്ളതല്ലേയെന്നും ഹസന്‍ ചോദിച്ചു.

രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവും വികാരപ്രകടനവും കെപിസിസി മാനിക്കുന്നുവെന്ന് പറഞ്ഞ ഹസ്സന്‍, അടുത്ത തവണ രണ്ടു സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment