വീണ്ടും പൊലീസ് ക്രൂരത; പാലക്കാട്ട് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

പാലക്കാട്: കേരള പൊലീസിന് ഇത് വിവാദങ്ങളുടെ കാലമാണ്. ഒന്നിനു പിറകേ ഒന്നായി പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോട്ടയത്ത് കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ ഇപ്പോള്‍ പാലക്കാട്ടും പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത പുറത്തുവരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കല്ലേക്കാട് എആര്‍ ക്യാംപിലെ ഡ്രൈവര്‍ ഗോപിദാസിനെതിരെയാണ് ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തത്. ധോണി ഉമ്മിനി സ്വദേശി പി.എസ്. മുസ്തഫയ്ക്കാണു മര്‍ദനമേറ്റത്. മുസ്തഫ മര്‍ദിച്ചതായി ഗോപിദാസും പരാതി നല്‍കി. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ റിപ്പോര്‍ട്ട് തേടി. ഗോപിദാസിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശയുണ്ട്.

ഇടുങ്ങിയ കനാല്‍ റോഡില്‍ വാഹനം പോകുന്നതു സംബന്ധിച്ച തര്‍ക്കമാണ് ഗോപീദാസും മുസ്തഫയും തമ്മില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്. ബുധനാഴ്ച രാത്രി 10.30ന് കല്ലേക്കുളങ്ങരയ്ക്കു സമീപം കൊങ്ങപ്പാടത്താണു സംഭവം. മുസ്തഫ യാത്രക്കാരുമായി കൊങ്ങപ്പാടത്തേക്ക് പോകുന്നതിനിടെ ഗോപിദാസും കുടുംബവും സ്‌കൂട്ടറില്‍ എതിരെ വരികയായിരുന്നു. രണ്ടു വാഹനങ്ങളും ഒരേ സമയം കനാല്‍ റോഡില്‍നിന്ന് പോക്കറ്റ് റോഡിലേക്ക് പ്രവേശിച്ചു. ഇതു സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഗോപിദാസ് തന്റെ മുഖത്തടിച്ചെന്നാണ് മുസ്തഫയുടെ പരാതി.

ഇതു സംബന്ധിച്ച് അന്നു രാത്രി തന്നെ ഹേമാംബിക നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രേഖാമൂലം പരാതി ലഭിച്ചതോടെ ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്‍ പ്രാഥമികാന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ആലത്തൂര്‍ എഎസ്പിയുടെ കീഴില്‍ വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷനിലാണ് ഗോപിദാസ് നിലവില്‍ ജോലി ചെയ്യുന്നത്. ഗോപിദാസിന്റെ പരാതിയിലും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

pathram:
Related Post
Leave a Comment